ഒരു നിശ്ശബ്ദ വിപ്ലവം

top

slug    ഡോ. കെ അനസ്

രാത്രി കൊല്‍ക്കത്തയില്‍ നിന്ന് തിരിച്ച തീവണ്ടി ബിഹാറിലെ കത്തിഹാറിലെത്തുമ്പോള്‍ സമയം രാവിലെ 8.30. രണ്ടു ദിവസം നീണ്ടുനിന്ന യാത്രയുടെ ക്ഷീണം തീര്‍ക്കാന്‍ ഒരു മണിക്കൂറെങ്കിലും കിട്ടുമെന്നു കരുതിയാണ് വണ്ടിയിറങ്ങിയത്. സ്‌റ്റേഷനില്‍ റിഹാബിന്റെ പ്രവര്‍ത്തകരായ ഇന്‍സാഫും അനസും ഞങ്ങളെ കാത്തുനില്‍പ്പുണ്ട്. ബന്‍സി ബാരി വില്ലേജിലെ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് കൈയോടെ കൂട്ടിക്കൊണ്ടുപോവാനുള്ള തയ്യാറെടുപ്പോടെയാണ് അവരുടെ വരവ്. ഗ്രാമവാസികള്‍ ഞങ്ങളെ അവിടെ കാത്തിരിക്കുകയാണത്രേ. മുറിയില്‍ കയറി കുളിച്ചെന്നു വരുത്തി പ്രാതലും കഴിച്ച് പുറത്തിറങ്ങിയപ്പോഴേക്കും ഞങ്ങള്‍ക്കു പോവാനുള്ള വണ്ടി റെഡി.
അധഃസ്ഥിതന്റെ സ്വപ്‌നങ്ങള്‍
ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരാളം കേട്ടിരുന്നു. രാവും പകലും ഗ്രാമങ്ങളില്‍ അലഞ്ഞ് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ ക്ഷണം കിട്ടിയപ്പോള്‍ വളരെ സന്തോഷത്തോടെയാണതു സ്വീകരിച്ചത്. റിഹാബിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞുപോയി. കേട്ടതിലും എത്രയോ അപ്പുറത്താണ് ഒരു ജനതയുടെ സ്വപ്‌നങ്ങള്‍ക്കു ചിറകുനെയ്യാന്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഈ സന്നദ്ധസേവകരുടെ സംഭാവന.
ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും പള്ളിപരിസരത്ത് ഞങ്ങളെ കാത്തുനില്‍ക്കുകയാണ്. ബന്‍സി ബാരി പള്ളിയില്‍ പുതുതായി നിര്‍മിച്ച മൂത്രപ്പുരയും അംഗശുദ്ധി വരുത്താനുള്ള ടാപ്പുകളുടെയും കൂടെ നാട്ടുകാര്‍ക്ക് കുടിവെള്ളം ശേഖരിക്കാനുള്ള ടാപ്പിന്റെയും ഉദ്ഘാടന കര്‍മമാണ് നടക്കാന്‍ പോവുന്നത്. കുറഞ്ഞസമയം കൊണ്ട് ഉദ്ഘാടനച്ചടങ്ങ് തീര്‍ന്നു. ഗ്രാമവാസികള്‍ ലഡു വിതരണം ചെയ്തുകൊണ്ട്  സന്തോഷം പങ്കുവച്ചു.
എല്ലാവരും പിരിഞ്ഞിട്ടും നാലഞ്ചു കുട്ടികള്‍ പോവാതെ തങ്ങിനിന്നു. അവര്‍ക്ക് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന റിഹാബിന്റെ എച്ച് ആര്‍ മാനേജര്‍ ഇസ്ഹാഖിനോട് എന്തോ സ്വകാര്യം പറയാനുണ്ട്. പത്താം ക്ലാസ് കഴിഞ്ഞാല്‍ വയറിങ്, പ്ലംബിങ് ജോലി പഠിക്കണമെന്ന ആഗ്രഹം അല്‍പം നാണത്തോടെയാണെങ്കിലും അവരിലൊരാള്‍ പറഞ്ഞൊപ്പിച്ചു. അതെ, റിഹാബ് വടക്കുകിഴക്കന്‍ മേഖലയിലെ അധഃസ്ഥിതന്റെ മോഹങ്ങള്‍ പൂവണിയാന്‍ ഒരു കൈ സഹായിക്കുകയാണ്.

റിഹാബ് ഏറ്റെടുത്ത ഗ്രാമങ്ങളിലൂടെ
slug-twoബന്‍സി ബാരി അടക്കം റിഹാബ് ഇന്ത്യ നിരവധി ഗ്രാമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. വൈദ്യുതിയും വെളിച്ചവും സ്‌കൂളും പിന്നെ സര്‍ക്കാരും എത്തിനോക്കാത്ത ഈ ഗ്രാമങ്ങളില്‍ റിഹാബ് കഴിഞ്ഞ കുറച്ചു വര്‍ഷമായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പുറത്തുനിന്ന് വരുന്നവരെ സംശയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന ആ പാവങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി സ്വയംപര്യാപ്തരാവാന്‍ സഹായിക്കുക എന്നതുതന്നെ ഏറെ ശ്രമകരമായിരുന്നു. എന്നിട്ടും റിഹാബ് അത് സാധിച്ചിരിക്കുന്നു. ഇന്ന് നാല്‍പതോളം ഗ്രാമങ്ങളില്‍ 4000 കുട്ടികള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയിരിക്കുന്നു. എണ്‍പതോളം പരിശീലനം നേടിയ അധ്യാപകര്‍ സേവനം ചെയ്യുന്നു. പ്രകൃതിനാശത്തിലും കലാപത്തിലും ഇരയായ എഴുപതോളം ഭവനരഹിതര്‍ക്ക് വീടുകളായി. 63 സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് പതിനായിരങ്ങള്‍ക്കു ജീവിതമാര്‍ഗം കണ്ടെത്തുന്ന ഈ പദ്ധതി റിഹാബ് രൂപപ്പെടുത്തിയിരിക്കുന്നത്.
അടുത്ത ദിവസം ബന്‍സി ബാരിയുടെ തൊട്ടടുത്ത ഗ്രാമമായ രാജ്‌വാര ബക്കര്‍തോലയിലേക്കു പോയി. അവിടെയാണ് റിഹാബിന്റെ ഫീല്‍ഡ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനപരിപാടി നടക്കുന്നത്. ഫീല്‍ഡ് ഓഫിസര്‍മാര്‍ ഭൂരിപക്ഷവും റിഹാബിന്റെ സഹായത്തോടെ എംഎസ്ഡബ്ല്യു കോഴ്‌സ് ചെയ്യുന്നവരാണ്. മുളയും പുല്ലും ഉപയോഗിച്ച് നിര്‍മിച്ച ചാണകം മെഴുകിയ കമ്മ്യൂണിറ്റി സെന്ററാണ് പരിശീലനസ്ഥലം. ഇതിലാണ് ഗ്രാമത്തിലെ കുട്ടികള്‍ രാവിലെയും വൈകീട്ടും സ്‌കൂള്‍പഠനവും മതപഠനവും നടത്തുന്നത്. കുട്ടികളെ ക്ലാസില്‍ എത്തിക്കുന്നതും പഠനത്തിന്റെ പ്രാധാന്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതുമെല്ലാം രാപകല്‍ കഷ്ടപ്പെടുന്ന ഫീല്‍ഡ് ഓഫിസര്‍മാരുടെ ഭാരിച്ച ദൗത്യമാണ്. ടൗണില്‍ നിന്നു മോട്ടോര്‍ ബൈക്കിലും കിലോമീറ്ററുകള്‍ നടന്നും പാടവരമ്പിലൂടെ ചളി താണ്ടിയുമൊക്കെയാണ് ഇവര്‍ ദൗത്യം നിര്‍വഹിക്കുന്നത്. ഒരു സ്‌കൂളോ, ആശുപത്രിയോ നിര്‍മിച്ചുകൊടുത്ത് നിങ്ങള്‍ നന്നായി ജീവിച്ചോളൂ എന്ന് ഉപദേശിച്ചു തിരിച്ചുപോരുന്ന സാമൂഹികപ്രവര്‍ത്തനമല്ല അത്. സ്വന്തം നാട്ടില്‍ ലഭ്യമായ എല്ലാ സുഖസൗകര്യങ്ങളും മാറ്റിവച്ച് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഈ ചെറുപ്പക്കാര്‍ക്ക് എന്തിന് ലീഡര്‍ഷിപ്പ് ക്ലാസും പരിശീലനപരിപാടിയും എന്നായിരുന്നു എന്റെ ചിന്ത. ആന്ധ്രപ്രദേശ്, അസം, മണിപ്പൂര്‍, ബിഹാര്‍, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം തുടങ്ങി പല സംസ്ഥാനങ്ങളില്‍       നിന്നുമുള്ള ഒരുപറ്റം സന്നദ്ധസേവകരുടെ ആത്മാര്‍ഥതയ്ക്കു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. ക്ലാസിനിടയ്ക്കുള്ള പാനീയവും ഉച്ചഭക്ഷണവും ഗ്രാമീണരുടെ സമ്മാനമാണ്. തൊട്ടടുത്തുള്ള പള്ളിയിലാണ് ഭക്ഷണവും വിശ്രമവും ഒരുക്കിയിരുന്നത്.

ആംബുലന്‍സിന്റെ ആരോഗ്യസേവനങ്ങള്‍
വൈകുന്നേരം ട്രെയിനിങ് കഴിഞ്ഞ് എല്ലാവരും റിഹാബിന്റെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ആംബുലന്‍സില്‍ കയറി കത്തിഹാറിലേക്കു തിരിച്ചു. ഈ ആംബുലന്‍സാണ് അസമിലും ബംഗാളിലും ബിഹാറിലുമുള്ള ബംഗാളി സെന്ററില്‍ ആരോഗ്യസേവനം നടത്തുന്നത്. മാസത്തില്‍ രണ്ടു തവണയെങ്കിലും ഓരോ ഗ്രാമത്തിലും മരുന്നും അവശ്യചികില്‍സയുമായി സന്നദ്ധസേവകര്‍ ഓടിനടക്കുന്നത് ഗ്രാമവാസികള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്.
നാട്ടില്‍ നിന്നുള്ള ദീര്‍ഘയാത്രയും തുടര്‍ന്നുള്ള പരിശീലന പരിപാടിയും കൊണ്ട് എന്റെ ശരീരം നന്നായി തളര്‍ന്നിരുന്നു. പക്ഷേ, മനസ്സിനെ അതൊന്നും ബാധിച്ചില്ല. ഈ മഹത്തായ കര്‍മത്തിന്റെ ഭാഗമാവാന്‍ ഞാന്‍ വൈകിപ്പോയി എന്ന പശ്ചാത്താപമനസ്സോടെയാണ് ഉറങ്ങാന്‍ കിടന്നത്.
അടുത്ത ദിവസം രാവിലെ ധോക്കര്‍ത ഗ്രാമത്തിലാണ് പരിപാടി. അവിടെയും അധ്യാപകപരിശീലനം തന്നെ. ബിഹാറിലെ എല്ലാ റിഹാബ് വില്ലേജിലുമുള്ള കമ്മ്യൂണിറ്റിസെന്ററുകളിലെ അധ്യാപകര്‍ അവിടെ എത്തിച്ചേരും. ഞങ്ങള്‍ക്കു കടന്നുപോവേണ്ട നിരത്തു മുഴുവന്‍ ചോളം ഉണക്കാന്‍ ഇട്ടിരിക്കുന്നു. വാഹനങ്ങള്‍ ചോളക്കൂനകള്‍ക്കു മുകളിലൂടെ കയറിയിറക്കി വേണം പോവാന്‍. സൈക്കിള്‍ റിക്ഷകളില്‍ നീളന്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ച
തിരഞ്ഞെടുപ്പു പ്രചാരണവാഹനങ്ങള്‍ കൗതുകമായി തോന്നി. കന്നുകാലികളും മനുഷ്യരും മുഴുവന്‍ റോഡില്‍ തന്നെയാണ്. ഹോണ്‍ ഇടതടവില്ലാതെ മുഴക്കിക്കൊണ്ടു മാത്രമേ വാഹനങ്ങള്‍ക്കു നീങ്ങാന്‍ കഴിയൂ.
 
സ്‌കൂള്‍ ചലോ
ധോക്കര്‍തയില്‍ അധ്യാപകരെല്ലാം ഹാജരാണ്. സ്ത്രീകളും പുരുഷന്‍മാരും ഹിന്ദുക്കളും മുസ്‌ലിംകളും അടങ്ങിയ ഗ്രൂപ്പില്‍ തയ്യല്‍പരിശീലകരും കൈത്തൊഴില്‍ പരിശീലകരും മതാധ്യാപകരും എല്ലാം കൂടി 50 പേരോളമുണ്ട്. പരിശീലനശേഷമുള്ള ചോദ്യോത്തരവേളയില്‍ സംശയങ്ങള്‍ക്കു പകരം പരാതികളായിരുന്നു ഏറെ. 'കുട്ടികള്‍ ക്ലാസില്‍ നാലുദിവസം വരും, പിന്നീട് പാടത്ത് പണിക്കു പോവും, അല്ലെങ്കില്‍ വെറുതെ വീട്ടിലിരിക്കും. രക്ഷിതാക്കളില്‍ ഭൂരിഭാഗവും പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്നു വിശ്വസിക്കുന്നവരാണ്' - ഇതായിരുന്നു മിക്കവരുടെയും പരാതി. എന്തായാലും ഇത്തരം വീടുകളില്‍ നിന്ന് കുട്ടികളെ ക്ലാസിലെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത അധ്യാപകര്‍ നമുക്കെല്ലാം മാതൃകയാണ്.
2പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും ബാഗും എല്ലാം വാങ്ങിക്കൊടുത്തു ഓരോ ഗ്രാമങ്ങളിലും
കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ റിഹാബ് എല്ലാവര്‍ഷവും 'സ്‌കൂള്‍ ചലോ' കാംപയിന്‍ നടത്താറുണ്ട്. ബംഗാള്‍, ബിഹാര്‍, യുപി, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ വന്‍വിജയമായി മാറിയ പദ്ധതിയാണ് ഇത്. അതുവഴി ആയിരക്കണക്കിനു കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയിരിക്കുന്നു. ഈ ശ്രമകരമായ ദൗത്യം കേട്ടറിഞ്ഞ് നേരില്‍ കണ്ടു മനസ്സിലാക്കാന്‍ തീരുമാനിച്ചാണ് ജനതാദള്‍ യുനൈറ്റഡിന്റെ ഔദ്യോഗിക വക്താവും ഡി എസ് കോളജ് പ്രഫസറുമായ പ്രഫ. അന്‍വര്‍ ഞങ്ങളുടെ പരിശീലനക്ലാസിലേക്കു കയറിവന്നത്. അദ്ദേഹം റിഹാബിന്റെ ഓരോ പ്രവര്‍ത്തനങ്ങളെയും പുകഴ്ത്തുകയും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
മനോഹര്‍ ഗ്രാമത്തില്‍ ഗ്രാമോല്‍സവമാണ് അന്നു വൈകീട്ട്. ഭംഗിയുള്ള സ്‌റ്റേജും തോരണങ്ങളും ഒരു പഴയ ജനറേറ്ററും എല്ലാം ഒരുക്കി ഞങ്ങളെ കാത്തുനില്‍ക്കുകയായിരുന്നു ഗ്രാമവാസികള്‍. റോഡിനിരുവശവും വരിയായി നിന്നു ഹസ്തദാനം ചെയ്ത് അവര്‍ ഞങ്ങളെ വേദിയിലേക്കാനയിച്ചു.

ഉദ്ഘാടനത്തിനായി എന്റെ പേര് വിളിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അവരുടെ ഭാഷ അറിയാത്തതിനാല്‍ പ്രസംഗം ചുരുക്കി ഒരു പാട്ടിലൊതുക്കി. കഴിഞ്ഞപ്പോള്‍ വല്ലാത്ത ചാരിതാര്‍ഥ്യം തോന്നി. കുട്ടികള്‍ സ്‌റ്റേജില്‍ നിന്നും വലിയ പെണ്‍കുട്ടികള്‍ സ്റ്റേജിനു താഴെ നിന്നും പാട്ടുപാടി. നാട്ടുകാര്‍ ആഘോഷത്തിമര്‍പ്പിലാണ്. റിഹാബ് വന്നതിനു ശേഷം ഗ്രാമം സന്തോഷത്തിലാണെന്ന് ഏവരും സമ്മതിക്കുന്നു. ജനറേറ്ററിലെ എണ്ണ തീര്‍ന്നതോടെ പരിപാടി അവസാനിപ്പിച്ചു. എന്റെ തിരക്ക് തീര്‍ന്നിട്ടില്ല,  രാത്രിതന്നെ ബംഗാളിലേക്ക് തിരിയ്ക്കണം.

inside-colageമുര്‍ഷിദാബാദില്‍
പുലര്‍ച്ചെ രണ്ടു മണിക്ക് പശ്ചിമബംഗാളിലെ ചരിത്രമുറങ്ങുന്ന മുര്‍ഷിദാബാദിലെ കഖ്‌രാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. അഞ്ചു കിലോമീറ്റര്‍ ദൂരെ ബെഹ്‌റംബൂരിലെ ഹോട്ടലിലാണ് താമസമൊരുക്കിയിരിക്കുന്നത്. പ്രഭാതപ്രാര്‍ഥനയുടെ സമയം നാലു മണിയായതിനാല്‍ കൂടുതല്‍ ഉറങ്ങാനായില്ല. രാവിലെ അഞ്ചു മണിയാവുമ്പോഴേക്കും പുറത്ത് പ്രകാശം പരന്നിരുന്നു. കേരളത്തിലെ എട്ടുമണി സമയം പോലെ. അന്ന് പരിശീലന ക്ലാസുകള്‍ക്ക് അവധിയാണ്. രാവിലെ തന്നെ ഒരു വാഹനം സംഘടിപ്പിച്ച് മുര്‍ഷിദാബാദ് കാണാനിറങ്ങി.
പശ്ചിമബംഗാളിന്റെ തലസ്ഥാന നഗരമായിരുന്ന മുര്‍ഷിദാബാദില്‍ കാലപ്പഴക്കം കൊണ്ടു തകര്‍ന്ന രീതിയിലാണെങ്കിലും നഗരകവാടങ്ങളും കൊട്ടാരങ്ങളും ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നതു കാണാം. ഭരണാധികാരികളുടെ ചരിത്രസ്മാരകങ്ങളും ഭരണനേട്ടങ്ങളുടെ കണക്കുകളും സംരക്ഷിച്ചു പോരുന്നതില്‍ മുര്‍ഷിദാബാദ് ഏറെ പിന്നിലാണെന്നു തോന്നുന്നു.
തങ്ങളുടെ ഗ്രാമത്തില്‍ കേരളക്കാര്‍ എത്തിയിരിക്കുന്നു എന്നറിഞ്ഞു കുശലാന്വേഷണം നടത്താനായി പലരും ഞങ്ങളെ തേടിയെത്തി. അതില്‍ പലര്‍ക്കും മലയാളമറിയാം. പെരുമ്പാവൂരും എറണാകുളവും ആലുവയും കാലടിയും തിരുവല്ലയും കോഴിക്കോടുമെല്ലാം അവര്‍ക്ക് സുപരിചിതം. 800 വീടുകളുള്ള സര്‍ക്കാര്‍ വാട ഗ്രാമത്തിലെ ഭൂരിഭാഗം കുടുംബനാഥരും ജോലി ചെയ്യുന്നത് കേരളത്തിലാണ്. കേരളത്തിലെ രാഷ്ട്രീയവും തിരഞ്ഞെടുപ്പും കാലാവസ്ഥയും എല്ലാം അവര്‍ മലയാളത്തില്‍ തന്നെ ചോദിച്ചറിഞ്ഞു. ബംഗ്ലാദേശിന്റെ അതിര്‍ത്തി കാക്കുന്ന ബിഎസ്എഫ് ഭടന്‍മാരോട് കുശലം ചോദിച്ചു ഞങ്ങള്‍ മടങ്ങി.

ഹാജിപ്പാറയില്‍
അടുത്ത ദിവസം ഹാജിപ്പാറയിലായിരുന്നു ക്ലാസ്. വഴിയില്‍ കണ്ട പുതിയ വീടുകള്‍ക്ക് കേരളത്തിന്റെ ഛായയുണ്ട്. മുപ്പതോളം വരുന്ന അധ്യാപകര്‍ക്ക് ബംഗാളിയായ റാഹിദ് ആണ് ക്ലാസ് പരിഭാഷപ്പെടുത്തി കൊടുത്തത്. റിഹാബിന്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ റാഹിദ് ഒരുപക്ഷേ, കേരളത്തിലെവിടെയെങ്കിലും വെറും 'ബംഗാളി'യായി തൊഴില്‍ ചെയ്യുന്നുണ്ടാവും. റാഹിദ് ഇന്ന് എംഎസ്ഡബ്ല്യു കഴിഞ്ഞ ഇംഗ്ലീഷ് പ്രാവീണ്യമുള്ള നല്ല ഒരു പരിശീലകനാണ്.
പശ്ചിമബംഗാളിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന അവര്‍ക്ക് ജോലി വെറുമൊരു വരുമാനമാര്‍ഗമല്ല. മറിച്ച് ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ദൗത്യമാണെന്ന തിരിച്ചറിവാണ് അവരുടെ ഊര്‍ജം.
പട്ടിണിയും നിരക്ഷരതയും മാത്രം കൂട്ടിനുള്ള അശരണര്‍ക്ക് മല്‍സരിച്ച് പള്ളി നിര്‍മിക്കുന്നവരുടെ നാട്ടില്‍ നിന്നും ചില സേവനപ്രവര്‍ത്തകര്‍ ആശ്വാസവുമായി ഓടി നടക്കുന്നതു കണ്ടപ്പോള്‍ കണ്ണുനിറയുന്നു. ഓരോ വര്‍ഷവും റിഹാബ് കൊടുക്കുന്ന ബലിമാംസത്തിന്റെ കിറ്റും റമദാന്‍ മാസത്തേക്കുള്ള ഭക്ഷണസാമഗ്രികളും കാത്തിരിക്കുകയാണ് ആയിരക്കണക്കിനു കുടുംബങ്ങള്‍. വ്രതാനുഷ്ഠാനങ്ങളും പെരുന്നാളും അര്‍ഥപൂര്‍ണമായത് റിഹാബിന്റെ വരവോടു കൂടിയാണെന്നു തിരിച്ചറിയുമ്പോള്‍ നമുക്കെങ്ങനെയാണ് ഈ സന്നദ്ധസേവകരുടെ പ്രവര്‍ത്തനങ്ങളെ കാണാതിരിക്കാനാവുക?

anasനിലമ്പൂര്‍ സ്വദേശിയായ ഡോ. കെ അനസ്
ആക്‌സസ് ഗൈഡന്‍സ് സെന്റര്‍ സീനിയര്‍
റിസോഴ്‌സ് പേഴ്‌സണാണ്‌

RELATED STORIES

Share it
Top