ഒരു ദിവസം അവര്‍ നമ്മെയും തേടിയെത്തും

എനിക്ക് തോന്നുന്നത്  - മുഹമ്മദലി കാളങ്ങാടന്‍,  മുസ്‌ല്യാരങ്ങാടി
മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ സ്‌കൂളില്‍ പഠിപ്പിച്ചെന്ന കേസിലാണുപോലും ഡോ. എം എം അക്ബറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, മുംബൈയിലെ അല്‍ബുറൂജ് പബ്ലിക്കേഷന്‍സ് തയ്യാറാക്കിയ ഈ പുസ്തകം കേരളം അടക്കം ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആയിരത്തോളം വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്.
ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ടത് അല്ലാഹുവല്ലാതെ മറ്റു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നുമുള്ള സത്യവാചകം ചൊല്ലുകയാണെന്ന് കുട്ടികളെ പഠിപ്പിക്കുക മാത്രമാണ് ഈ പാഠഭാഗം ചെയ്യുന്നത്. ഇക്കാര്യം പ്രസാധകര്‍ വ്യക്തമാക്കുകയും അവരുടെ ട്രെയിനിങ് മാന്വലില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള വ്യക്തമായ വിവരണങ്ങള്‍ ഉണ്ടായിട്ടും എം എം അക്ബറിനെ വേട്ടയാടുന്നതിനു പിന്നില്‍ എന്താണ് കാരണമെന്ന് എല്ലാവര്‍ക്കും അറിയാം. മറ്റു മതസ്ഥരുടെ മതപ്രബോധനവും മതപഠനവും ഉന്മൂലനം ചെയ്യുകയാണ് ഉദ്ദേശ്യം.
കേരളത്തിലെ നിരവധി സ്‌കൂളുകളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നു. വിദ്യാഭാരതി സ്‌കൂളുകളില്‍ പരമതവിരോധം സിലബസിന്റെ ഭാഗമാണ്. അതൊന്നും തീവ്രവാദമോ ഭീകരവാദമോ ആവാത്ത ഇക്കാലത്ത്, ഇസ്‌ലാം മാത്രമാണ് മോക്ഷത്തിന്റെ മാര്‍ഗമെന്നും അല്ലാഹു മാത്രമാണ് ആരാധനയ്ക്ക് അര്‍ഹനെന്നും മുഹമ്മദ് നബി ദൈവദൂതനാണെന്നും പ്രഖ്യാപിച്ചാല്‍ ഭരണഘടനയുടെ ഏതു ഖണ്ഡികയാണ് ലംഘിക്കപ്പെടുക? മതസ്പര്‍ധ വളര്‍ത്തുന്ന പ്രഭാഷണങ്ങളോടുള്ള ഇരട്ടത്താപ്പ് കേരളത്തിലും നാം കണ്ടുകഴിഞ്ഞതാണ്. നിരന്തരം വര്‍ഗീയ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് ഒരു നിയമവും മുസ്‌ലിം പ്രബോധകര്‍ക്ക് മറ്റൊരു നിയമവും.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ വ്യവസ്ഥാപിതമായ രീതിയില്‍ തന്നെ ഇസ്‌ലാമിക പ്രബോധനം നടത്തുന്നവരാണ് അവര്‍. അതിനു തടയിടുകയും ആ വഴി വരുന്നവരെ മുഴുവനും ഭയപ്പെടുത്തുകയും ചെയ്യുകയെന്ന അജണ്ടയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ അറസ്റ്റ്. പല പ്രസംഗകരുടെയും ആശയങ്ങളോടും പ്രവര്‍ത്തന ശൈലിയോടും വിയോജിപ്പുണ്ടാവാം. എന്നാല്‍, ആ വിയോജിപ്പ് ശത്രുതയായി മാറരുത്. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന 90 ശതമാനം പേരും നിരപരാധികളാണ്.
അക്ബര്‍ ഇപ്പോള്‍ അവസാനത്തെ ഇര മാത്രമാണ്. നാളെ ആരുമാവാം, മുസ്‌ലിം സമുദായത്തിലെ മറ്റു പണ്ഡിതന്‍മാരാവാം, പൊതുരംഗത്തെ നേതാക്കന്‍മാരാവാം, ഉന്നത വിദ്യാഭ്യാസം നേടിയവരാവാം. നമുക്ക് ഇഷ്ടമില്ലാത്തവരെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരൊക്കെ കുറ്റവാളികള്‍; നമുക്കു വേണ്ടപ്പെട്ടവരാവുമ്പോള്‍ മാത്രം നമുക്കു വേദന- ഈ മനോഭാവം എന്നു മാറും? മഅ്ദനിയിലോ സാക്കിര്‍ നായികിലോ അക്ബറിലോ ഈ വേട്ട അവസാനിക്കുമെന്നു കരുതേണ്ട. വേട്ടക്കാര്‍ ഒരു ദിനം നമ്മുടെ വാതിലിലും മുട്ടിയെന്നു വരും.
ഇത്തരം വിഷയങ്ങള്‍ പൊതുസമൂഹം വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. പൗരന്‍മാരുടെ വിശ്വാസപരവും വ്യക്തിപരവുമായ അവകാശങ്ങളെ ഹനിക്കുന്ന നിരവധി നടപടികള്‍ ഭരണകൂട സംവിധാനങ്ങള്‍ ഇപ്പോള്‍ കൈക്കൊണ്ടുവരുന്നുണ്ട്. അവയൊന്നുംതന്നെ പലപ്പോഴും സമൂഹമധ്യത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ അത്തരം വിഷയങ്ങള്‍ പൊതുവേ അവഗണിക്കുകയുമാണ് ചെയ്യുന്നത്.

RELATED STORIES

Share it
Top