ഒരു കോടിയിലധികം ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ തിരിച്ചെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ടുകളില്‍ ഒരു കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചെടുക്കുമെന്നു ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ചെലവഴിക്കാത്ത തുകയാണ് തിരിച്ചെടുക്കുക. പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ട തുക വിനിയോഗിക്കാതെ കിടക്കുന്നത് തടയുന്നതിനു വേണ്ടിയാണിതെന്ന് വിവിധ വകുപ്പുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ധനവകുപ്പ് വ്യക്തമാക്കി.
രണ്ടു ദിവസത്തിനകം തുക തിരിച്ചെടുക്കുമെന്നാണ് സര്‍ക്കുലറിലുള്ളത്. ഇതുവഴി 6021 കോടി രൂപ ലഭിക്കുമെന്നാണ് ധനവകുപ്പിന്റെ നിഗമനം. ഈ നീക്കത്തിലൂടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്നും ധനവകുപ്പ് കരുതുന്നു. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലുള്ള തുക തിരിച്ചുവേണമെന്നുണ്ടെങ്കില്‍ വകുപ്പുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ധനവകുപ്പിന് അപേക്ഷ നല്‍കേണ്ടിവരും. ഏത് ആവശ്യത്തിനാണ് പണം ഉപയോഗിക്കുന്നതെന്നും അപേക്ഷയില്‍ വ്യക്തമാക്കണം.
മാര്‍ച്ച് മാസത്തില്‍ പണി തീരാത്ത പദ്ധതികളിലേക്ക് ചെലവഴിക്കാന്‍ കരുതിയ പണം ഈ വര്‍ഷം ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് നേരത്തേ ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. അതേസമയം, നാളെ വരെ ട്രഷറിയില്‍ ബില്ല് സമര്‍പ്പിക്കാന്‍ തടസ്സമില്ലെന്ന് ധനമന്ത്രി അറിയിച്ചു. ട്രഷറിയില്‍ ഇന്നലെ വൈകുന്നേരം വരെ സമര്‍പ്പിക്കപ്പെട്ട ബില്ലുകളുടെ തുക കൂടി കണക്കിലെടുക്കുമ്പോള്‍ 88 ശതമാനം പ്ലാന്‍ എക്‌സ്‌പെന്റിച്ചറാണ് രേഖപ്പെടുത്തിയത്. വിവിധ വകുപ്പുകളുടെ പദ്ധതിച്ചെലവ് 80 ശതമാനത്തിലെത്തി.
തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും പദ്ധതിപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ ചെലവ് വഹിക്കുന്നതിനായി 31ന് വൈകീട്ട് 5 വരെ ട്രഷറിയില്‍ ബില്ല് സമര്‍പ്പിക്കാം. ഇതിനു യാതൊരു തടസ്സവുമുണ്ടാവില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനറല്‍ പര്‍പസ് ഫണ്ടില്‍ നിന്നു പണം ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top