ഒരു കൊലയും നിരവധി സിദ്ധാന്തങ്ങളും

കശ്മീര്‍: നിഗൂഢതയുടെ വലക്കണ്ണികള്‍- 1

കെ എ സലിംറോ മേധാവിയായി ചുമതലയേറ്റ എ എസ് ദുലത്തിനോട് അന്നു വാജ്‌പേയി സര്‍ക്കാരില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര പറഞ്ഞു. 'കശ്മീരില്‍ നേര്‍ക്കുനേരെയുള്ളതു പോപ്ലാര്‍ മരങ്ങള്‍ മാത്രമാണ്. ബാക്കിയെല്ലാം വളഞ്ഞവഴിയിലൂടെയാണു നടക്കുന്നത്.' പിന്നീടെഴുതിയ കശ്മീര്‍: ദ വാജ്‌പേയി ഇയേഴ്‌സ് എന്ന പുസ്തകത്തില്‍ ദുലത്ത് ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. കശ്മീരിലെ സാഹചര്യങ്ങള്‍ ഏറ്റവും സങ്കീര്‍ണമായ 1990കളില്‍ ദുലത്ത് നേരിട്ടായിരുന്നു കശ്മീരിന്റെ ചുമതല വഹിച്ചിരുന്നത്.

കശ്മീരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും 'റൈസിങ് കശ്മീര്‍' പത്രത്തിന്റെ എഡിറ്ററുമായ ഷുജാഅത്ത് ബുഖാരി ഒരിക്കല്‍ പറഞ്ഞു. 'കശ്മീരിലെ ചോദ്യങ്ങളെല്ലാം ദുരൂഹമായ വഴിയിലാണ് അവസാനിക്കുക. ജൂണ്‍ 15ന് അതേ ബുഖാരി ലാല്‍ ചൗക്കിലെ തിരക്കേറിയ തെരുവില്‍ വെടിയേറ്റു വീണതു ദൂരൂഹതകളുടെ കൂമ്പാരത്തിനു നടുവിലേക്കാണ്. കശ്മീരിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍. നിര്‍ഭയന്‍, ഉന്നതങ്ങളില്‍ വലിയ സ്വാധീനമുള്ളയാള്‍. ആര്‍ക്കായിരുന്നു ബുഖാരിയെ നിശ്ശബ്ദനാക്കേണ്ടിയിരുന്നത്. എകെ 47ല്‍ നിന്നു വെടിയേറ്റ ബുഖാരിയുടെ ശരീരത്തില്‍ 60ലധികം വെടിയുണ്ടകളുണ്ടായിരുന്നു. കൊല്ലപ്പെടുമ്പോള്‍ ബുഖാരി രഹസ്യമായി ഇന്ത്യ-പാകിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്കു മധ്യസ്ഥം വഹിച്ചുവരികയായിരുന്നു.

[caption id="attachment_419862" align="alignnone" width="560"] ശുജാഅത്ത് ബുഖാരി[/caption]

കൊലയ്ക്കു പിന്നാലെ ഇന്ത്യയും പാകിസ്താനും സംഭവത്തെ അപലപിച്ചു. കൊല നടന്നയുടനെ അതിനു പിന്നില്‍ ലശ്കറെ ത്വയ്യിബയാണെന്നു പോലിസ് ആരോപിച്ചു. എന്നാല്‍ അസാധാരണമാം വിധം ലശ്കര്‍ കൊലയെ അപലപിക്കുകയും ഇന്ത്യന്‍ ഏജന്‍സികളെ കുറ്റപ്പെടുത്തുകയും ചെയ്തു. പാകിസ്താനാണു ഇതിന് പിന്നിലെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. എന്നാല്‍ ഇന്ത്യ തന്നെയാണെന്നു പാകിസ്താനും കുറ്റപ്പെടുത്തി. ഹുര്‍രിയത്ത് നേതാവ് മീര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ പിതാവ് മീര്‍വായിസ് മൗലവി ഫാറൂഖും അബ്ദുല്‍ഗനി ലോണും കൊല്ലപ്പെട്ടതു സമാനമായൊരു സന്നിഗ്ധഘട്ടത്തിലായിരുന്നു. ഡോ. അബ്ദുല്‍ വഹാബ് ഗുരുവും ഡോ. ഫാറൂഖ് ആഷിയും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടപ്പോഴും ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.

ആരാണ് ഷുജാഅത്തിനെ കൊലപ്പെടുത്തിയത്. ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. ആര്‍ക്കായിരുന്നു ഷുജാഅത്തിനെ കൊലപ്പെടുത്തേണ്ടിയിരുന്നത്. ആരായിരുന്നു ഷുജാഅത്ത് എന്ന ചോദ്യത്തില്‍ ഇതിനു പാതി ഉത്തരമുണ്ട്. കശ്മീരിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍. ഇന്ത്യ-പാക് നയതന്ത്ര വൃത്തങ്ങളുമായി അടുത്ത ബന്ധം. വിദേശത്തും നിരവധി ബന്ധങ്ങള്‍. സൗമ്യന്‍, മനോഹരമായ പുഞ്ചിരിയുടെ ഉടമ. നാലു പത്രങ്ങളുടെ ഉടമ. കശ്മീരിലെ പുതുതലമുറ മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഷുജാഅത്തിനു കീഴില്‍ തൊഴിലഭ്യസിച്ചവരാണ്. എങ്കിലും അവര്‍ക്കും ഷുജാഅത്തിന്റെ മരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. വസ്തുതകളേക്കാള്‍ സിദ്ധാന്തങ്ങളായിരുന്നു അദ്ദേഹത്തിന്റെ കൊലയ്ക്കു പിന്നാലെ ഉയര്‍ന്നത്.ഷുജാഅത്ത് രഹസ്യമായി ഇന്ത്യയുടെ കൈയിലെ പാവയായി മാറിയിരുന്നുവെന്നാണ് ഒരാരോപണം. അതില്‍ പാകിസ്താനും അവരെ പിന്തുണയ്ക്കുന്ന സംഘടനകള്‍ക്കും അമര്‍ഷമുണ്ടായിരുന്നു. 2011ല്‍ ഇന്ത്യന്‍ സൈനിക കമാന്‍ഡര്‍ അത്താ ഹസ്‌നൈനില്‍ നിന്ന് ഷുജാഅത്ത് 'റൈസിങ് കശ്മീര്‍' പത്രത്തിന് വേണ്ടി കോടികള്‍ കൈപ്പറ്റിയെന്നും ഇത് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെന്നുമാണ് മറ്റൊരു ആരോപണം. അത്താ ഹസ്‌നൈനിയെ ജനങ്ങളുടെ കമാന്‍ഡര്‍ എന്ന് ഷുജാഅത്ത് ഒരിക്കല്‍ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഹസ്‌നൈന്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ കവര്‍ ചെയ്യാന്‍ മാത്രം 'റൈസിങ് കശ്മീര്‍' ഒരു റിപോര്‍ട്ടറെ പ്രത്യേകം നിയോഗിച്ചു.

നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുമുള്ള കശ്മീരികള്‍ക്കിടയില്‍ ഷുജാഅത്ത് സദ്ഭാവനാ പദ്ധതി നടപ്പാക്കിയിരുന്നത് റോയ്ക്ക് വേണ്ടിയായിരുന്നുവെന്നാണ് മറ്റൊരാരോപണം. പണം നല്‍കിയിരുന്നത് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടായിരുന്നു. ഇന്ത്യയുടെ പണമുപയോഗിച്ച് ഇതിനായി ഷുജാഅത്ത് വിദേശയാത്രകള്‍ നടത്തിയെന്നും ഒരു വിഭാഗം പറയുന്നു. ഇന്ത്യന്‍ സംഘം അമേരിക്കയിലായിരിക്കുമ്പോള്‍ അവിടെയെത്തിയ ബുഖാരി ഡോവലുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്നും കേള്‍ക്കുന്നു. തുടര്‍ന്ന് ഇന്ത്യക്ക് വേണ്ടി ഷുജാഅത്ത് ലോബിയിങ് നടത്തി. ഇതില്‍ വിദ്വേഷം പൂണ്ട ആരോ ആയിരിക്കണം കൊല നടത്തിയത്.

എന്നാല്‍ ഈ സാധ്യതയെ ബുഖാരിയുടെ സഹപ്രവര്‍ത്തകര്‍ തള്ളിക്കളയുന്നുണ്ട്. മാന്യനായിരുന്നു ഷുജാഅത്തെന്നു ദീര്‍ഘകാലം അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ പര്‍വേസ് പറയുന്നു. അസാധാരണമാം വിധം ധീരനും സത്യസന്ധനും സ്വാധീനമുള്ളയാളുമായിരുന്നു ഷുജാഅത്ത്. ഒരു മാധ്യമപ്രവര്‍ത്തകന് സ്വപ്‌നം മാത്രം കാണാന്‍ കഴിയുംവിധം പ്രശസ്തനുമായിരുന്നു. താഴ്‌വരയിലെ ഓരോ കൊലയിലും ഇത്തരത്തിലുള്ള നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ രംഗം കീഴടക്കും. ഷുജാഅത്തിനെ കൊന്നതു പാകിസ്താനാവാം; ഇന്ത്യയുമാവാം. അത്രതന്നെ സാധ്യതയുണ്ട് കശ്മീരിലെ മറ്റു സംഘടനകള്‍ക്കും. ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട് കശ്മീരിലെന്നു പര്‍വേസ് പറയുന്നു.

ഷുജാഅത്ത് ഇന്ത്യയറിയാതെ നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശനം നടത്തിയെന്നും അതറിഞ്ഞ ഇന്ത്യ ഷുജാഅത്തിന്റെ കാര്യത്തില്‍ സംശയാലുവായിരുന്നുവെന്നും കരുതുന്നവരുണ്ട്. ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയാവാം കൊലപ്പെടുത്തിയത്. എന്നാല്‍, എതിരാളികളെ കൊലപ്പെടുത്തി അവസാനിപ്പിക്കുന്ന രീതി കശ്മീരില്‍ കേന്ദ്രസര്‍ക്കാരിനില്ലെന്നു മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്താനേക്കാള്‍ കശ്മീരിലെ ചലനങ്ങള്‍ അറിയുക ഇന്ത്യക്കാണ്. അവര്‍ ആളുകളെ വിലയ്‌ക്കെടുക്കാനോ, അല്ലാത്തവരെ തകര്‍ത്തു കളയാനോ ആണു നോക്കുക. അബ്ദുല്‍ ഗനി ലോണ്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ പാക് പങ്ക് വ്യക്തമായിരുന്നു.

കൂറുമാറിയ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ അബ്ദുല്‍ മജീദ് ദറിനെ കൊന്നതും പാകിസ്താനാണ്. പുറത്തു കാണുന്നതും കേള്‍ക്കുന്നതുമല്ല, കശ്മീരിലെല്ലാം നടക്കുന്നതു തിരശ്ശീലയ്ക്കു പിന്നിലാണ്. ലാല്‍ ചൗക്ക് പ്രസ് കോളനിയിലെ ഓഫിസിലിരുന്നു 'കശ്മീര്‍ ലൈഫ്' എഡിറ്റര്‍ മസൂദ് ഹുസയ്ന്‍ പറഞ്ഞു. ഓരോ ദിവസവും പുതിയ മരണ വാര്‍ത്തകളുണ്ട്. ആര്‍ക്കാണു ഷുജാഅത്തിന്റെ രക്തം വേണ്ടിയിരുന്നതെന്ന് അറിയില്ല. ഷുജാഅത്ത് നിര്‍ഭയനായി എഴുതിയിരുന്നു. അതൊരു പക്ഷേ കാരണമാവാം- മസൂദ്് ചൂണ്ടിക്കാട്ടുന്നു. ലാല്‍ ചൗക്ക് പ്രസ് എന്‍ക്ലേവിലെ തിരക്കേറിയ തെരുവില്‍ ഷുജാഅത്ത് വെടിയേറ്റു വീഴുമ്പോള്‍ നാട്ടുകാര്‍ കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു.

ഓഫിസില്‍ നിന്ന് അംഗരക്ഷകര്‍ക്കൊപ്പം ഇറങ്ങിവരുന്ന ഷുജാഅത്തിനെ ബൈക്കിലെത്തിയ കൊലയാളികള്‍ കാത്തു നില്‍ക്കുകയായിരുന്നു. കൊലയാളികള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പിന്നീട് ലഭിച്ചെങ്കിലും പതിവു പോലെ കൊല നടന്ന ഭാഗത്ത് സിസി ടിവി ഉണ്ടായിരുന്നില്ല. പാക് അധീന കശ്മീരിലുള്ള ഷുജാഅത്തിന്റെ ബന്ധങ്ങള്‍ വിശുദ്ധമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. റാവല്‍പിണ്ടിയിലും ഷുജാഅത്തിനു മാധ്യമപ്രവര്‍ത്തകരായ ചില സഹകാരികളുണ്ടായിരുന്നു. ഇവരുമായുള്ള ചര്‍ച്ചയ്ക്ക് ഷുജാഅത്ത് ഇടയ്ക്കിടെ പാകിസ്താന്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഈ ആരോപണം വസ്തുതയില്ലാത്തതാണെന്നു പര്‍വേസ് പറയുന്നു. വളരെ കുറച്ചു തവണ മാത്രമേ ഷുജാഅത്ത് പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുള്ളൂ. അതില്‍ തന്നെ അസാധാരണമായൊന്നുമുണ്ടായിരുന്നില്ല.ഡോണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയപ്പോള്‍ സൗത്ത് ഏഷ്യന്‍ നയത്തിന്റെ കരട് രൂപപ്പെടുത്താന്‍ ചുമതലയേല്‍പ്പിച്ചത് ലൈസ കര്‍ട്ടിസിനെയാണ്. ഷുജാഅത്തിന്റെ സുഹൃത്തായ ലൈസ പാകിസ്താന്‍ വിരുദ്ധയുമായിരുന്നു. അമേരിക്കയുടെ കശ്മീര്‍നയത്തില്‍ മാറ്റംവരുത്താന്‍ ഷുജാഅത്ത് ലൈസയെ ഉപയോഗിച്ചുവെന്നാണ് ആരോപണം. അജിത് ഡോവലുമായും അടുത്തബന്ധം ലൈസയ്ക്കുണ്ടായിരുവെന്നതു വസ്തുതയാണ്. ഹൈദര്‍പൂരയിലെ അലീഷാ ഗിലാനിയുടെ ഓഫിസിലും മൈസൂമയിലെ ജെകെഎല്‍എഫ് ഓഫിസിലും രാജ്ബാഗിലെ മീര്‍വായിസ് ഹുര്‍രിയത്തിന്റെ ഓഫിസിലും ഒരു പോലെ സന്ദര്‍ശകനായിരുന്നു ഷുജാഅത്ത്. പിഡിപി നേതാവായ സഹോദരന്‍ ബഷാറത്ത് ബുഖയ്ര്‍ ബിജെപി-പിഡിപി മന്ത്രിസഭയില്‍ അംഗമായിരുന്നു.

സഹോദരന്റെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ഷുജാഅത്ത് അവകാശപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ പിഡിപി പതാകയുമായി ഷുജാഅത്ത് സഹോദരനു വേണ്ടി കാംപയിനിറങ്ങി. നാലു പത്രങ്ങളായിരുന്നു ഫുജാഅത്തിന് കൂടുതല്‍ പ്രധാന്യം കൊടുത്തിരുന്നത്. റൈസിങ് കശ്മീര്‍, സങ്കര്‍മാല്‍, ബുലന്ദ് കശ്മീര്‍, പര്‍ച്ചാം. ശ്രീനഗറില്‍ ഒരു വീടു പോലുമില്ലാതിരുന്ന ഷുജാഅത്തിന് മരിക്കുമ്പോള്‍ ശ്രീനഗറിലെ സമ്പന്നരുടെ കോളനിയായ ഫ്രണ്ട്‌സ് എന്‍ക്ലേവിലും ഹരിയാനയിലെ ഗുഡ്ഗാവിലും വീടുണ്ട്. ഇന്ത്യന്‍ സൈനികരുടെ സുരക്ഷയുണ്ട്. ഇതൊന്നും വെറുതെയുണ്ടായതല്ലെന്ന് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു.

ഷുജാഅത്തിന്റെ ബന്ധുവായ സയ്യിദ് ആഷിക് ഹുസയ്ന്‍ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പിന്റെ എസ്എസ്പിയായിരുന്നു. 300 പേരെയാണ് ആഷിക് ഹുസയ്‌ന്റെ കാലത്ത് കൊന്നത്. സായുധരെ പിടികൂടേണ്ടതില്ലെന്നും കൊന്നാല്‍ മതിയെന്നുമായിരുന്നു ആഷിഖിന്റെ നയം. ആഷിഖ് ഷുജാഅത്തിനെ സ്വാധീനിച്ചിരുന്നുവെന്നു കരുതുന്നവരുണ്ട്. കഴിഞ്ഞ മെയില്‍ റമദാന്‍ കാലത്ത് വെടിനിര്‍ത്തലിന് മധ്യസ്ഥം വഹിച്ചത് ഷുജാഅത്തായിരുന്നു. സ്വതന്ത്ര കശ്മീരെന്ന ആശയത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. വിഘടനവാദികളോടും ചര്‍ച്ച നടത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

2006ല്‍ സര്‍ക്കാര്‍ അനുഭാവിയെന്നു ചൂണ്ടിക്കാട്ടി സായുധ സംഘാംഗങ്ങളും പിന്നീട് ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ കൊലയാളി സംഘമായിരുന്ന ഇഖ്‌വാനികളും ഷുജാഅത്തിനെ തട്ടിക്കൊണ്ടുപോയി. പിന്നീട് മോചിപ്പിക്കുകയും ചെയ്തു.ഈദിന്റെ തലേദിവസമാണ് ഷുജാഅത്ത് വെടിയേറ്റു വീഴുന്നത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന റിപോര്‍ട്ട് പുറത്തുവിട്ടതും അന്നു തന്നെയാണ്. റിപോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിക്കാന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് തന്നെ നടത്തിയ കൊലയാണിതെന്നാണു പാകിസ്താന്‍ പക്ഷപാതികളുടെ സിദ്ധാന്തം.

അതേയവസരം ഷുജാഅത്തിനെ ആരുകൊന്നുവെന്നത് അപ്രസക്തമാണെന്നു ഷുജാഅത്തിനൊപ്പം പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ നുഅ്മാന്‍ ചൂണ്ടിക്കാട്ടുന്നു. എന്തിനു കൊന്നുവെന്നതിനാണ് ഉത്തരം തേടേണ്ടത്. ഷുജാഅത്തിനെ ആരു കൊന്നുവെന്നറിയില്ല. എന്തിനു കൊന്നുവെന്നറിയില്ല. പോലിസിനറിയില്ല, സഹപ്രവര്‍ത്തകര്‍ക്കറിയില്ല, മാധ്യമങ്ങള്‍ക്കറിയില്ല. ഹുര്‍രിയത്ത് ഉള്‍െപ്പടെയുള്ള സംഘടനാ നേതാക്കള്‍ക്കുമറിയില്ല. ഇപ്പോള്‍ ഒന്നു മാത്രമേ വസ്തുതയായിട്ടുള്ളൂ. 50കാരനായ ഷുജാഅത്ത് വെടിയേറ്റു മരിച്ചു. ബാക്കിയെല്ലാം സിദ്ധാന്തങ്ങളാണ്. അര്‍ധസത്യങ്ങളുടെയും അസത്യങ്ങളുടെയും താഴ്‌വരയിലെ രണ്ടറ്റം കൂട്ടിമുട്ടാത്ത സിദ്ധാന്തങ്ങള്‍. നാളെ: വൈരുധ്യങ്ങളുടെ അബ്ദുല്‍ഗനി

വൈരുദ്ധ്യങ്ങളുടെ അബ്ദുല്‍ ഗനി ലോണ്‍

RELATED STORIES

Share it
Top