ഒരു കൊച്ചു പോളണ്ട്

1939ല്‍ രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്‌ലറും പിന്നീട് സ്റ്റാലിനും പോളണ്ട് പിടിച്ചടക്കി. രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. സോവിയറ്റ് ഭൂരിപക്ഷ കിഴക്കന്‍ പോളണ്ടിലെ കുടുംബങ്ങള്‍ സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. പിന്നീട് അവര്‍ സ്വതന്ത്രരായപ്പോഴും സ്വന്തം നാട്ടിലേക്കല്ല അയച്ചത്. അച്ഛനമ്മമാരെ വേര്‍പിരിഞ്ഞ കുഞ്ഞുങ്ങളും അനാഥ കുട്ടികളും അഭയം തേടിയെത്തിയത് ഇങ്ങ് ഇന്ത്യയിലെ ഗുജറാത്തില്‍.
ഗുജറാത്തില്‍ ജാംനഗര്‍ ജില്ലയില്‍ നവ്‌നഗറിലെ മഹാരാജാ ദിഗ്വിജയ് സിങ്ജി രഞ്ജിത് സിങ്ജി ജഡേജ അവരെ ദത്തെടുത്തു വളര്‍ത്താന്‍ സന്നദ്ധനായി. അവര്‍ക്കു വേണ്ടി പള്ളിക്കൂടം പണിതു. ഭക്ഷണം പാചകം ചെയ്യാന്‍ പ്രത്യേകം ജോലിക്കാരെ ഏര്‍പ്പെടുത്തി. കടലില്‍ നീന്താന്‍ പഠിപ്പിച്ചു.
അതൊക്കെ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നവര്‍ പോളണ്ടില്‍ ഇപ്പോഴുമുണ്ട്. അവിടെ കരുണയുള്ള ആ ഇന്ത്യന്‍ രാജാവിന്റെ പേരില്‍ റോഡും ചത്വരവും സ്‌കൂളുമുണ്ട്. ആ സ്‌കൂളില്‍ നിന്നു ബിരുദം നേടിയിറങ്ങിയ ആഡം ബര്‍കോവ്‌സ്‌കിയാണ് ഇന്ന് ഇന്ത്യയിലെ പോളിഷ് അംബാസഡര്‍. അദ്ദേഹം ഇന്ത്യയിലേക്ക് ആദ്യം വന്നത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആ കുഞ്ഞുങ്ങള്‍ ഇന്ത്യയിലേക്ക് വന്ന മാര്‍ഗത്തിലൂടെയാണ്, തുര്‍ക്‌മെനിസ്താന്‍-ഇറാന്‍-അഫ്ഗാനിസ്താന്‍ പാതയിലൂടെ.

RELATED STORIES

Share it
Top