ഒരു കുടുംബത്തിലെ മൂന്നുപേര്‍ വിഷംകഴിച്ചു മരിച്ചനിലയില്‍

കോതമംഗലം: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പൈങ്ങോട്ടൂര്‍ ചാത്തമറ്റം കാക്കുന്നേല്‍ കെ എന്‍ ശശി (57), ഭാര്യ ഓമന ശശി (55), മകന്‍ ശ്രീകൃഷ്ണന്‍ (28) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടു മണിയായിട്ടും വീടിന് പുറത്ത് ആരെയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട് തുറന്നു നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ സമീപത്ത് നിന്നു വിഷം കൊണ്ടുവന്നതായി തോന്നിപ്പിക്കുന്ന കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
മരണ വിവരം അയല്‍വാസികളാണു പോത്താനിക്കാട് പോലിസിനെ അറിയിച്ചത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു സംസ്‌കാരം നടത്തും.
ശശി കരിങ്കല്‍ തൊഴിലാളിയും മകന്‍ ശ്രീകൃഷ്ണന്‍ ഡ്രൈവറുമാണ്. ഏതാനും ദിവസങ്ങളായി കുടുംബാംഗങ്ങള്‍ കടുത്ത നിരാശയിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ശ്രീകൃഷ്ണന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബവുമായി വിവാഹത്തിന് ധാരണയിലെത്തിയെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് ഉണ്ടായ പ്രതിസന്ധിയാണു കൂട്ട ആത്മഹത്യയിലേക്കു നയിച്ചതെന്നാണു നിഗമനം.
കുടുംബത്തിന്റെ കൂട്ടമരണം അറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച പോത്താനിക്കാട് സ്വദേശിനിയായ യുവതിയെ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ദീപ, ധന്യ, ദിവ്യ എന്നിവര്‍ ശശിയുടെ മറ്റ് മക്കളാണ്.

RELATED STORIES

Share it
Top