ഒരാഴ്ചകൊണ്ട് 8.5 ലക്ഷം ശൗചാലയങ്ങള്‍; മോദിയുടെ തള്ളെന്ന് തേജസ്വി യാദവ്

പട്‌ന: ഒരാഴ്ചകൊണ്ട് 8.5 ലക്ഷം ശൗചാലയങ്ങള്‍ ബിഹാറില്‍ നിര്‍മിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് തേജസ്വി യാദവ്. ശൗചാലയങ്ങള്‍ നിര്‍മിക്കാനുള്ള സമയം കണക്കുകൂട്ടിയാണ് തേജസ്വി മോദിക്കെതിരേ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മോദി പറഞ്ഞ കണക്കുകള്‍ യോജിക്കണമെങ്കില്‍ മിനിറ്റില്‍ 84 ശൗചാലയങ്ങളാണു നിര്‍മിക്കേണ്ടത്. ബിഹാര്‍ സര്‍ക്കാര്‍ പോലും ഇത്രയും അസാധ്യമായ ജോലി സംസ്ഥാനത്ത് നടന്നെന്നു സമ്മതിക്കുമെന്നു തോന്നുന്നില്ലെന്നും ട്വീറ്റില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ അവകാശവാദം മഹാവിഡ്ഢിത്തമാണെന്നും യാദവ് പരിഹസിച്ചു.
ബിഹാറിലെ മോത്തിഹാരിയില്‍ ചമ്പാരന്‍ സത്യഗ്രഹത്തിന്റെ 100ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് മോദി ബിഹാറിലെ ശൗചാലയനിര്‍മാണത്തെ പ്രതിപാദിച്ചത്.
ഒരാഴ്ചകൊണ്ട് 8.5 ലക്ഷം ശൗചാലയങ്ങള്‍ ബിഹാറില്‍ നിര്‍മിച്ചുവെന്നും അത് അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ലെന്നും മോദി പറഞ്ഞു. ഭാവിയില്‍ ശൗചാലയങ്ങളുടെ എണ്ണത്തില്‍ ബിഹാര്‍ ദേശീയ ശരാശരിയിലെത്തുമെന്നും മോദി അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഈ അവകാശവാദമാണ് തേജസ്വി പൊളിച്ചടുക്കിയത്. അതേസമയം, മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 9 വരെയുള്ള സമയത്താണ് 8.5 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മിച്ചതെന്നും ഇതില്‍ പകുതിയോളം നിര്‍മിച്ചത് കഴിഞ്ഞ ഒരാഴ്ചകൊണ്ടാണെന്നും ബിഹാര്‍ സര്‍ക്കാര്‍ പറയുന്നു.

RELATED STORIES

Share it
Top