ഒരാള്‍ അറസ്റ്റില്‍; രണ്ടു പേര്‍ കസ്റ്റഡിയില്‍

കിളിമാനൂര്‍ (തിരുവനന്തപുരം): മടവൂരില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്ന കേസില്‍ ഒരു പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ താമസ സ്ഥലത്തു നിന്നു കൊലയ്ക്ക് ഉപയോഗിച്ച രണ്ടു വാളുകള്‍ പോലിസ് കണ്ടെടുത്തു. കൊല്ലം ശക്തികുളങ്ങര കുന്നിന്മേല്‍ ചേരിയില്‍ ആലോട്ട് തെേക്കതില്‍ വീട്ടില്‍ സനു(33)വിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കൊലപാതക സംഘത്തിനു സഹായം ചെയ്ത രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഓച്ചിറ മേമന കട്ടച്ചിറ വീട്ടില്‍ യാസിം അബൂബക്കര്‍, കൃഷ്ണപുരം അജന്ത ജങ്ഷനു സമീപം നിഖില്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്. സാനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വധത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലിസ് കരുതുന്നത്. രാജേഷിനെ കൊന്നത് ഓച്ചിറ സ്വദേശിയായ അലിഭായി എന്ന് അറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിന്റെ നേതൃത്വത്തിലെ ക്വട്ടേഷന്‍ സംഘമാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. കൃത്യത്തിനു പിന്നാലെ അലിഭായി ഖത്തറിലേക്ക് കടക്കുകയും ചെയ്തു. കഴിഞ്ഞ മാസം 27ന് പുലര്‍ച്ചെ 2 മ ണിയോടെയാണ് മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശ നിവാസില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ മകന്‍ രാജേഷി(35) നെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്.
കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള സനു ”സാത്താന്‍ ചങ്ക്‌സ്’’എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചു സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നു. സംഘത്തിന് ഒത്തുചേരാന്‍ ഒളിത്താവളം ഒരുക്കി നല്‍കി. രണ്ടു ദിവസം സനുവിന്റെ വീട്ടില്‍ താമസിച്ച പ്രതികള്‍ കൊല നടത്താനുള്ള ആയുധം ശേഖരിച്ചു. 25, 26 തിയ്യതികളില്‍ പ്രതികള്‍ കാറിലും മോട്ടോര്‍ സൈക്കിളിലും മടവൂരില്‍ എത്തി നിരീക്ഷണം നടത്തിയിരുന്നു.
സംഭവത്തിനു ശേഷം പ്രതികള്‍ കാറില്‍ സനുവിന്റെ വീട്ടില്‍ എത്തിയ ശേഷം അപ്പോള്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് ആവശ്യമായ പണം ഖത്തറില്‍ നിന്ന് നല്‍കിയത് യാസിമിന്റെ അക്കൗണ്ടിലേക്കാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top