ഒരാള്‍ അയാളായും പലരായും

സഫീര്‍ ഷാബാസ്‌

മികച്ച ദൃശ്യാനുഭവങ്ങള്‍ കൊണ്ടും ശബ്ദലേഖനത്താലും ചരിത്രം രചിച്ച ഒരാള്‍പ്പൊക്കം സിനിമ സത്താപരമായ ചില സമസ്യകള്‍ ഉയര്‍ത്തുന്നു- ഒരാള്‍ അയാള്‍ ആയിരിക്കുന്നതിന്റെ ഔന്നത്യം. കഥയില്ലായ്മയുടെ ഉണ്മകൊണ്ടാണ് ആത്മീയവും ദാര്‍ശനികവുമായ ചില ചോദ്യങ്ങള്‍ ചിത്രം മുന്നോട്ടുവയ്ക്കുന്നത്. പലതരം വായനകള്‍ സാധ്യമാക്കുന്ന ചിത്രത്തില്‍ മനുഷ്യന്‍ എന്ന പ്രഹേളിക തന്നെയാണ് കഥാതന്തു. മായയെ(മീര കന്ദസ്വാമി) തേടിയുളള മഹേന്ദ്രന്റെ (പ്രകാശ് ബാരെ) യാത്രകളാണ് പ്രമേയം. ഹിമാലയത്തിലെ കേദാര്‍നാഥ് പ്രളയത്തിനു ശേഷമുളള ഈ യാത്ര ജീവിതമെന്ന സമസ്യയെ കുറിച്ചുളള അന്വേഷണം കൂടിയാണ്.
സഹജീവനം നയിക്കുന്ന മഹേന്ദ്രനും മായയും വഴക്കിടുകയും വേര്‍പിരിയുകയുമാണ്. മഹേന്ദ്രന്റെ ഒറ്റപ്പെടലും തുടര്‍ന്ന് മായയെ തേടിയുളള അന്വേഷണവും മനസ്സിന്റെ ആഴവും പ്രകൃതിയുടെ പരപ്പിലും പുതിയ മേച്ചില്‍പുറമൊരുക്കുന്നു. ബന്ധം വേര്‍പിരിയുന്നതോടെ, 'തനിച്ചായപ്പോഴാണ് ഞാന്‍, ഞാനായിരിക്കുന്നതെന്ന' മഹേന്ദ്രന്റെ ആത്മഗതമുണ്ട്- മനുഷ്യന്റെ ഒറ്റപ്പെടലാണ് ഒരാളെ                      അയാള്‍ ആക്കി തീര്‍ക്കുന്നതെന്ന ദാര്‍ശ            നി ക യുക്തിയുണ്ടിവിടെ. എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമാവുകയെന്നാല്‍ ഒരാള്‍ മറ്റു  പലരുമാവുകയെന്നതു തന്നെ വിവക്ഷ. കെട്ടുപാടുകളില്‍നിന്നു മോചനം തേടിയാണ് പുതിയ മനുഷ്യന്‍ സഹജീവനം തിരഞ്ഞെടുത്തത്. എന്നാല്‍, ഈ ജീവിതവും മോചനമാര്‍ഗമല്ലെന്ന് മഹേന്ദ്രന്‍ തിരിച്ചറിയുന്നു. പ്രളയത്തില്‍ മായ മാഞ്ഞുപോയെന്ന തോന്നലില്‍നിന്നും അവളെ തേടിയുളള അശ്രാന്ത യാത്രയാണ് പിന്നെ. കൂടെ കഴിഞ്ഞിരുന്ന കാലത്ത് മായ തന്നില്‍ അഭൗമമായതെന്തോ അവശേഷിപ്പിച്ചതായി മഹിക്കു തോന്നുന്നു. ശാരീരികമായ ഏതു തരം വേഴ്ചകളും മാനസികമായ കെട്ടുപാടുകളില്‍ കൂടി ബന്ധിതമാണല്ലോ. താന്‍ സ്‌നേഹിച്ച മായയെ തേടിയുളള അന്വേഷണങ്ങള്‍ എല്ലാം മായയാണെന്ന ശങ്കരദര്‍ശനത്തെ ഓര്‍മപ്പെടുത്തുന്നു. കുമാരനാശാന്റെ നളിനിയില്‍ നായിക ദിവാകരയോഗിയെ തേടി അലയുന്നതിന്റെ ആത്മീയശോഭയും മാഹിയുടെ യാത്രയിലുടനീളമുണ്ട്.
ഈ സിനിമയുടെ രചനയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സനല്‍ കുമാര്‍ ശശിധരനായിരുന്നു മികച്ച സംവിധായകനുള്ള സംസ്ഥാന ബഹുമതി. മനുഷ്യനോളം പ്രകൃതിയും കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ഓരോ ഷോട്ടിനും പ്രതിഭയുടേതായ കൈയൊപ്പുണ്ട്. കാഴ്ച ചലച്ചിത്രവേദി ജനകീയ കൂട്ടായ്മയിലൂടെയാണ് ചിത്രം സാക്ഷാല്‍കരിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top