ഒമ്പത് കേസുകളില്‍ 3,62,352 രൂപയുടെ കടാശ്വാസം അനുവദിക്കുന്നതിന് കമ്മീഷന്‍ ശുപാര്‍ശ

ആലപ്പുഴ: കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത എട്ടു കേസുകളില്‍ ആയി 2,29,602 രൂപ അനുവദിച്ചതുള്‍പ്പെടെ ഒമ്പത് കേസുകളില്‍ 3,62,352 രൂപയുടെ കടാശ്വാസം അനുവദിക്കുതിന് കേരള സംസ്ഥാന മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 65 കേസുകള്‍ ആലപ്പുഴ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വെച്ച് നടത്തിയ അദാലത്തില്‍ പരിഗണിച്ചു.   കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ രാവിലെ 10 ന് ആരംഭിച്ച സിറ്റിങില്‍ കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ. വി വി ശശീന്ദ്രന്‍, ടി ജെ  ആഞ്ചലോസ് എന്നിവരും പങ്കെടുത്തു.
ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ എന്നിവര്‍ എത്തിയിരുന്നു. പരാതിയുമായി നിരവധിപേരാണ് കമ്മീഷന് മുന്നില്‍ എത്തിയത്. കടാശ്വാസ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുക വായ്പാ കണക്കില്‍ വരവ് വെച്ചതിലും ബാങ്കുകള്‍ക്ക് ലഭിച്ച കടാശ്വാസ തുക വായ്പാ കണക്കില്‍ ചേര്‍ക്കാത്തതിലും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ തിരികെ നല്കാത്തതിലും അമിത പലിശ ഈടാക്കിയതിലും നിര്‍ബന്ധിച്ച് വായ്പ പുതുക്കിയത് കാരണം അര്‍ഹതപ്പെട്ട കടാശ്വാസം തടയപ്പെട്ടതിലും തുടങ്ങി വിവിധങ്ങളായ പരാതികള്‍ കമ്മീഷന് മുന്നിലെത്തി. അത്തരം പരാതികളില്‍ പരിഹാരം നിര്‍ദേശിക്കുന്നത് കൂടാതെ മല്‍സ്യത്തൊഴിലാളി കടാശ്വാസ നിയമത്തിലെ 9-ാം വകുപ്പനുസരിച്ച് പരസ്പര ധാരണയിലൂടെ വായപ കണക്ക് തീര്‍പ്പാക്കുതിന് 3 കേസുകളില്‍ പദ്ധതി സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ നിന്നും ബാങ്ക് പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ ആ ബാങ്കുമായി ബന്ധപ്പെട്ട കേസുകള്‍ മാറ്റിവെച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് കരുവാറ്റ ശാഖയില്‍ നിന്നെടുത്ത  വായ്പയില്‍ കടാശ്വാസമായി ബാങ്കിന് അധികം  ലഭിച്ച 9804 രൂപ സര്‍ക്കാരിലേക്ക് തിരിച്ചടക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കടാശ്വാസ തുക ലഭിച്ചിട്ടും ഈട് പ്രമാണം തിരികെ നല്കാത്ത പരാതികളില്‍ മുന്‍ അദാലത്തിലെ ഉത്തരവ് പാലിച്ച് കൊണ്ട് ഏഴ് കേസുകളില്‍ ഈടാധാരം തിരികെ നല്കി മേല്‍ നടപടി അവസാനിപ്പിച്ചു. ഇനിയും ഈട് പ്രമാണം തിരികെ നല്കാതിരുന്ന ആറ് കേസുകളില്‍ ബാങ്കുകള്‍ക്ക്  ഈട് പ്രമാണം തിരികെ നല്കാന്‍ കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടും സഹകരണ വകുപ്പിന്റെ ഓഡിറ്റ് പരിശോധന പൂര്‍ത്തിയാകാത്ത നാലു കേസുകളില്‍ കടാശ്വാസം എത്രയും വേഗം അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട എട്ട് കേസുകളില്‍ ബാങ്ക് സെക്രട്ടറി സമയം ആവശ്യപ്പെട്ടതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.  ഒരു കേസില്‍ ബാങ്കിനോട് പരാതിക്കാരന് യാത്രാ ചെലവായ 750 രൂപ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചു.
കടാശ്വാസം നല്കുന്ന കേസുകളില്‍ പലിശ വിട്ടുവീഴ്ച നല്കുവാനുള്ള സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറിനെതിരെ ജീവനക്കാര്‍ നല്കിയ റിട്ട് പെറ്റീഷന്‍ തീര്‍പ്പാക്കുതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലിന് നിര്‍ദ്ദേശം നല്കുവാന്‍  ഉത്തരവായി.കാര്‍ഷിക കടാശ്വാസം കിട്ടിയ  കേസുകളില്‍ മോറട്ടോറിയം നിലനില്‍ക്കെ അധികം ഈടാക്കിയ 1,61,151 രൂപ പരാതിക്കാര്‍ക്ക് തിരിച്ച് നല്കാന്‍ കമ്മീഷന്‍  നിര്‍ദ്ദേശം നല്‍കി. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വാങ്ങിയ വായ്പയില്‍ തീരുമാനമെടുക്കുന്നതില്‍ പരാതിക്കാരന്‍ ഹാജരാകാത്തതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു.

RELATED STORIES

Share it
Top