ഒമ്പതു വര്‍ഷം മുമ്പ് കാണാതായ കപ്പല്‍ മ്യാന്‍മര്‍ തീരത്ത് പ്രത്യക്ഷപ്പെട്ടു

യംഗൂണ്‍: ഒമ്പതു വര്‍ഷം മുമ്പ് കാണാതായ കപ്പല്‍ യാത്രികര്‍ ആരുമില്ലാത്ത അവസ്ഥയില്‍ മ്യാന്‍മര്‍ തീരത്ത് പ്രത്യക്ഷപ്പെട്ടു. മ്യാന്‍മറിലെ യംഗൂണ്‍ മേഖലയിലാണ് നാവികരും യാത്രക്കാരുമില്ലാതെ ഈ ഭീമന്‍ കപ്പല്‍ കണ്ടെത്തിയത്. സാം രത്‌ലുങ്കി പിബി 1600 എന്ന കപ്പലാണ് ഒമ്പതു വര്‍ഷത്തിനു ശേഷം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2009ല്‍ തായ്‌വാനിലാണ് ഈ കപ്പല്‍ അവസാനമായി കണ്ടതായി രേഖകളുള്ളത്. പിന്നീട് കടലില്‍ മറയുകയായിരുന്നു. മല്‍സ്യത്തൊഴിലാളികളാണ് കടലില്‍ അലഞ്ഞുതിരിയുന്ന ഭീമന്‍ കപ്പലിനെ കുറിച്ചു മ്യാന്‍മര്‍ പോലിസിനെ അറിയിച്ചത്. 2001ല്‍ നിര്‍മിച്ച ഈ ചരക്കുകപ്പലിനു 177 മീറ്റര്‍ നീളമുണ്ട്. 27.91 മീറ്റര്‍ വ്യാപ്തിയും. 26,510 ടണ്‍ ആണ് ഭാരം. മല്‍സ്യത്തൊഴിലാളികള്‍ ഈ കപ്പല്‍ കണ്ടെത്തുമ്പോള്‍ ഇതില്‍ മനുഷ്യജീവന്റെ യാതൊരു സൂചനകളുമുണ്ടായിരുന്നില്ല. അലക്ഷ്യമായി നീങ്ങിയിരുന്ന കപ്പലില്‍ ഒരു ചരക്കും ഉണ്ടായിരുന്നില്ല. നാവികരും ചരക്കും എവിടെപ്പോയി എന്നോ എന്താണ് സംഭവിച്ചതെന്നോ കപ്പല്‍ എങ്ങനെ കടലില്‍ ഒറ്റപ്പെട്ടു എന്ന കാര്യത്തിലോ കൃത്യമായ വിശദീകരണം നല്‍കാന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ക്കായിട്ടില്ല. ഇത്രയും വലിയ കപ്പല്‍ വര്‍ഷങ്ങളോളം ആരുടെയും കണ്ണില്‍പ്പെടാതെ, ഒരു രാജ്യത്തിന്റെയും നിരീക്ഷണ സംവിധാനങ്ങളില്‍ അകപ്പെടാതെ എങ്ങനെ സഞ്ചരിച്ചു എന്നതിനും ആര്‍ക്കും ഉത്തരം നല്‍കാനാവുന്നില്ല. കപ്പലിന് ഇപ്പോഴും സാങ്കേതിക തകരാറുകളൊന്നുമില്ല.

RELATED STORIES

Share it
Top