ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകം: സഹപാഠി അറസ്റ്റില്‍

വഡോദര: ഗുജറാത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂള്‍ ശുചിമുറിയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. കൊലയിലേക്ക് എത്തിച്ചത് സ്‌കൂളിനോടുള്ള പകയാണെന്നാണ് റിപോര്‍ട്ടുകള്‍.
വെള്ളിയാഴ്ച ഉച്ചയോടെയാണു വഡോദര ശ്രീഭാരതീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസുകാരന്‍ ദേവ്തഡ്വി (14)യെ ശുചിമുറിയില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ദൃക്‌സാക്ഷികളായ കുട്ടികളുടെയും സിസി ടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. 15കാരനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്‌ററ് പ്രകാരമാണ് കേസെടുത്തത്. ശൗചാലയത്തില്‍ ദേവുമായി തുടരെ പ്രതി തര്‍ക്കിക്കുന്നതും തുടരെ കുത്തുന്നതും കണ്ട് വിദ്യാര്‍ഥികള്‍ പുറത്തേക്ക് ഓടിയിരുന്നു.  കൊല്ലപ്പെട്ട ദേവ് ആദിവാസി കുടുംബത്തിലെ ഏക ആണ്‍കുട്ടിയാണ്. അച്ഛന്‍ ചായക്കടയിലെ ജോലിക്കാരനാണ്. വീട്ടില്‍ വൈദ്യുതി പോലുമില്ലാത്തതിനാല്‍ കുട്ടിയെ വഡോദരയിലെ അമ്മാവന്റെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ബാരണ്‍പോരയിലുള്ള സ്‌കൂളില്‍ ചേര്‍ന്നത്.
സംഭവ ശേഷം നടത്തിയ പരിശോധനയില്‍ കൃത്യം നടത്തിയ കുട്ടിയുടെ സ്‌കൂള്‍ ബാഗ് സമീപത്തെ ക്ഷേത്രത്തിന്റെ മുമ്പില്‍ നിന്നു കണ്ടെടുത്തിരുന്നു. ബാഗില്‍ മുളകുവെള്ളം നിറച്ച കുപ്പിയും കൂടുതല്‍ ആയുധങ്ങളും കണ്ടെടുത്തു. കുട്ടിയോടുള്ള പകയല്ല കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലിസ് പറഞ്ഞു. ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപകന്‍ ശകാരിച്ചതിലുള്ള ദേഷ്യമാണു കൊലയ്ക്കു കാരണമെന്നും പോലിസ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം സപ്തംബറില്‍ ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ സ്വകാര്യ സ്‌കൂളില്‍ എട്ടു വയസ്സുകാരന്‍ ശുചിമുറിയില്‍ സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യം സ്‌കൂള്‍ വാന്‍ ഡ്രൈവറെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് നടന്ന സിബിഐ അന്വേഷണത്തിലാണു കൃത്യം നടത്തിയത് സ്‌കൂളിലെ തന്നെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണെന്ന് മനസ്സിലായത്.

RELATED STORIES

Share it
Top