ഒമാനില്‍ മോദി അഭിസംബോധന ചെയ്തത് ഒഴിഞ്ഞ കസേരകളെ

മസ്‌കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെ മസ്‌കറ്റില്‍ അഭിസംബോധന ചെയ്തത് ഒഴിഞ്ഞ കസേരകളെ. മോദിയുടെ വിദേശ രാജ്യങ്ങളിലെ വേദികളിലെ ജനസാന്നിധ്യം ശ്രദ്ധേയമാകാറുണ്ടെങ്കിലും ഒമാനില്‍ മറിച്ചായിരുന്നു അവസ്ഥ. മോദി പ്രസംഗിച്ച സുല്‍ത്താന്‍ ഖാബുസ് സ്‌റ്റേഡിയത്തില്‍ പ്രതീക്ഷിച്ച ആളുകള്‍ എത്തിയില്ല.30000 പേരെത്തുമെന്നാണു കരുതിയിരുന്നത്.എന്നാല്‍ വന്നതാവട്ടേ 13000 പേരും.ഉത്തരേന്ത്യയില്‍ നിന്നുള്ള ബിജെപി അനുഭാവികള്‍ മാത്രമാണ് പ്രധാനമായും പരിപാടിക്കെത്തിയത്. ഇതിനിടെ പ്ലക്കാര്‍ഡേന്തി ചില പ്രതിഷേധങ്ങളും നടന്നത് പരിപാടിയുടെ ശോഭ കെടുത്തി. മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബായിരുന്നു പരിപാടിയുടെ സംഘാടകര്‍. എന്നാല്‍ 25,000ലധികം അംഗങ്ങളുള്ള ക്ലബ്ബിലെ അംഗങ്ങള്‍ പോലും മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയില്ല.
അതേസമയം, കോണ്‍ഗ്രസ്, സിപിഐഎം അനുഭാവികള്‍ പരിപാടിയുടെ പാസ് വാങ്ങിയ ശേഷം യോഗത്തിന് എത്തിയില്ലെന്നാണു ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. ഞായറാഴ്ച ഒമാനില്‍ പ്രവൃത്തി ദിവസമായതും പരിപാടിക്കു ജനപങ്കാളിത്തം കുറയാന്‍ കാരണമായെന്നുമാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

RELATED STORIES

Share it
Top