ഒപ്റ്റിക്കല്‍ ഫൈബര്‍ കേബില്‍ സ്ഥാപിക്കല്‍ നിലമ്പൂരില്‍ കൗണ്‍സിലര്‍മാര്‍ ഹൈക്കോടതിയിലേക്ക്‌

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ സ്വാകാര്യ കമ്പനിക്ക് ഒപ്ടിക്കല്‍ ഫൈബര്‍ കേബില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തറവാടക വാങ്ങാതെ അനുമതി നല്‍കിയതില്‍ നഗരസഭയ്ക്കുണ്ടായ നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്നു ഈടാക്കണമെന്നാവശ്യപ്പെട്ടാണ് കൗണ്‍സിലര്‍മാരായ മുസ്തഫ കളത്തുംപടിക്കല്‍, പി എം ബഷീര്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഒരു മാസത്തിനകം ഇതിനായുള്ള നടപടികള്‍ തുടങ്ങുമെന്ന് ഇരു കൗണ്‍സിലര്‍മാരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു മുന്നോടിയായി പരാതികള്‍ തദ്ദേശ സ്വയംഭരണ മന്ത്രി, വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മീറ്ററിന് 750 രൂപ നിരക്കില്‍ മൂന്നു വര്‍ഷത്തേക്ക് തറവാടക വാങ്ങാന്‍ 2016ല്‍ കൗണ്‍സില്‍ തീരുമാനമെടുത്തതാണ്. ഇതു പ്രകാരം 2,92,50,000 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. ഇതിനു വിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ മാര്‍ച്ചില്‍ കൗണ്‍സില്‍ എടുത്തത്. മാത്രവുമല്ല ഓഡിറ്റ് റിപോര്‍ട്ടില്‍ ഇത്തരത്തില്‍ നഷ്ടമുണ്ടാക്കിയതായി പരാമര്‍ശവുമുണ്ട്. മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം ഇത്തരം നഷ്ടങ്ങള്‍ ഉത്തരാവാദികളില്‍ നിന്നു ഈടാക്കാന്‍ വകുപ്പുകളുണ്ട്. ഇതിനാണ് കൗണ്‍സിലര്‍മാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

RELATED STORIES

Share it
Top