ഒന്നിച്ച് പോരാടി ഫെഡററും ജോക്കോവിച്ചും; എങ്കില്‍ ഫലമോ പരാജയം


ഷിക്കാഗോ: ആരാധകര്‍ ഏറെ കാത്തിരുന്ന നിമിഷത്തിന് ഇന്നലെ ചിക്കാഗോ സ്റ്റേഡിയം സാക്ഷിയായി. മുന്‍ ലോക സിംഗിള്‍സ് ചാംപ്യന്‍മാരും ഒന്നാം നമ്പര്‍ താരങ്ങളുമായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ലാവര്‍ കപ്പിന്റെ ഡബിള്‍സില്‍ പോരാടിയപ്പോഴാണ് ലോക ടെന്നിസ് ആരാധകര്‍ക്കത് ആവേശ രാവായത്. യുറോപ്പ് ടീമും ലോക ടീമും തമ്മിലുള്ള ലാവര്‍ കപ്പിലാണ് ഇരുവരും ഒരേ കളത്തില്‍ നിന്നു കൊണ്ട് റാക്കറ്റേന്തിയത്. എന്നാല്‍ ഡബിള്‍സില്‍ റാക്കറ്റേന്തിയ ഇരുവരും അമേരിക്കന്‍ -ദക്ഷിണാഫ്രിക്കന്‍ സഖ്യമായ ജാക്ക് സോക്ക്-കെവിന്‍ ആന്‍ഡേഴ്‌സനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 6-7, 6-3, 10-6.
ആദ്യ സെറ്റില്‍ ഇരുസഖ്യവും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ സെറ്റ്് ടൈബ്രേക്കില്‍ കലാശിച്ചു. എന്നാല്‍ ടൈബ്രേക്കില്‍ ഡബിള്‍സിന്റെ പരിചയം ഏറെയുള്ള, മൂന്ന് തവണ ഡബിള്‍സില്‍ ഗ്രാന്‍സ്ലാം കിരീടം ചൂടിയ ജാക്ക് സോക്കിന്റെ സഖ്യം ഉജ്വല എയ്‌സുകള്‍ എതിര്‍ടീമിന് നേരെ ഉതിര്‍ത്തപ്പോള്‍ ആദ്യ സെറ്റ് 7-6ന് ഒന്നാം നമ്പര്‍ താരങ്ങളടങ്ങിയ സഖ്യത്തിന് നഷ്ടപ്പെട്ടു. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ജോക്കോ-ഫെഡ് സഖ്യം വിജയം അക്കൗണ്ടിലാക്കിയപ്പോള്‍ മല്‍സരം 1-1ന്റെ സമനില. നിര്‍ണായകമായ അവസാന സെറ്റില്‍ ഇരുവരും കീഴടങ്ങാതെ മുന്നേറിയെങ്കിലും 10-6ന് സെറ്റ് സ്വന്തമാക്കി ജാക്ക് സോക്ക്-കെവിന്‍ ആന്‍ഡേഴ്‌സന്‍ സഖ്യം മല്‍സരവും നേടിയെടുത്തു.
ഡബിള്‍സില്‍ പരാജയപ്പെട്ടെങ്കിലും ലാവര്‍ കപ്പിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ സിംഗിള്‍സില്‍ ഗ്രിഗര്‍ ദിമിത്രോവിന്റെയും ഡേവിഡ് ഗോഫിന്റെയും കൈല്‍ എഡ്മണ്ടിന്റെയും വിജയത്തോടെ യുറോപ്യന്‍ ടീം 3-1 ന് മുന്നിലെത്തി.

RELATED STORIES

Share it
Top