ഒന്നാമനാവാന്‍ ഇന്ത്യധര്‍മശാല: വിരാട് കോഹ്‌ലിയെന്ന കപ്പിത്താന് പകരം രോഹിത് ശര്‍മയുടെ കൈപിടിച്ച് ഇന്ത്യ ഇന്ന് ഏകദിന പരീക്ഷയ്ക്കിറങ്ങുന്നു. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മല്‍സരം ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് ധര്‍മശാലയിലാണ് നടക്കുന്നത്. ലങ്കയെ തൂത്തുവാരി ഏകദിന റാങ്കിങില്‍ വീണ്ടും തലപ്പത്തെത്താനാവും ഇന്ത്യ ലക്ഷ്യമിടുക. അടുത്തിടെയൊന്നും തോല്‍വിയെന്തെന്നറിയാത്ത ഇന്ത്യന്‍ ടീമിന്റെ കുതിപ്പിനെ തടുക്കാന്‍ തിസാര പെരേരയുടെ നേതൃത്വത്തിലാണ് ശ്രീലങ്കയുടെ പടപ്പുറപ്പാട്.ഹിറ്റ്മാന്‍ എന്ന വിശേഷണമുള്ള രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുമ്പോള്‍ കണക്കുകളിലും ഫോമിലും ആധിപത്യം ഇന്ത്യക്ക് തന്നെ. മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയുമായി ഇറങ്ങുന്ന ഇന്ത്യ എന്തുകൊണ്ടും ലങ്കയേക്കാള്‍ ഒരുപടി മുന്നിലാണെങ്കിലും വിരാട് കോഹ്‌ലിയുടെ അഭാവം ഇന്ത്യന്‍ ബാറ്റിങ്‌നിരയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ശിഖര്‍ ധവാനും രോഹിത് ശര്‍മയും അണിനിരക്കുന്ന ഓപണിങില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. വിരാടിന്റെ സ്ഥാനത്തിറങ്ങാന്‍ അജിന്‍ക്യ രഹാനെ ടീമില്‍ ഉണ്ടെങ്കിലും ടെസ്റ്റില്‍ നിരന്തരം പരാജയപ്പെട്ട രഹാനെയുടെ ഫോം പ്രതീക്ഷ നല്‍കുന്നതല്ല. മധ്യനിരയില്‍ കേദാര്‍ ജാദവിന് പരിക്ക് മൂലം കളിക്കാനാവില്ല.   പകരം വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തി.  വിശ്രമത്തിന് ശേഷം വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയതും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അദ്ഭുത വിജയങ്ങള്‍ സമ്മാനിച്ച രോഹിത് ശര്‍മയുടെ നായക മികവ് ലങ്കന്‍ പരമ്പരയിലും ആവര്‍ത്തിച്ചാല്‍ വീണ്ടുമൊരു വൈറ്റ്‌വാഷ് വിജയം കൂടി ഇന്ത്യക്ക് സ്വന്തമാക്കാം.
എന്തുവിലകൊടുത്തും അഭിമാനജയം സ്വന്തമാക്കണമെന്ന കടുംപിടുത്തത്തോടെയാവും ലങ്കന്‍ നിര പാഡണിയുക. മോശം ഫോമിലുള്ള ഉപുല്‍ തരംഗയെ നായക പദവിയില്‍ നിന്ന് മാറ്റി പകരം ഓള്‍റൗണ്ടര്‍ തിസാര പെരേരയുടെ നേതൃത്വത്തിലാണ് ലങ്ക ഇറങ്ങുന്നത്. ബാറ്റിങ് നിരയില്‍ കുശാല്‍ പെരേരയുടെ വെടിക്കെട്ട് ബാറ്റിങിനെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. ഉപുല്‍ തരംഗയും ധനുഷ്‌ക ഗുണതിലകയും സദീര സമരവിക്രമയും ലഹിരു തിരിമനയും ഏയ്ഞ്ചലോ മാത്യൂസുമെല്ലാം ഇന്ത്യയെ വെള്ളം കുടിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ തന്നെയാണ്.

RELATED STORIES

Share it
Top