ഒന്നാം വാര്‍ഡിലേക്കുള്ള എംഎല്‍എ ഫണ്ട് വകമാറ്റിയതായി ആരോപണം

പൊന്നാനി: പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡിലേക്കനുവദിച്ച എംഎല്‍എ ഫണ്ട് വകമാറ്റിയതായി ആരോപണം. സംഭവത്തില്‍ പ്രതിഷേധവുമായി വാര്‍ഡ് കൗണ്‍സിലറും യുഡിഎഫും രംഗത്ത്.
പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കല്‍ വാര്‍ഡിലെ റോഡ് നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക തൊട്ടടുത്ത വാര്‍ഡിലേക്ക് വകമാറ്റിയെന്നാണ് യുഡിഎഫ് ആരോപണം. കഴിഞ്ഞ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചതിനെത്തുടര്‍ന്ന് മനപ്പൂര്‍വം പദ്ധതി മറ്റൊരു വാര്‍ഡിലേക്ക് മാറ്റുകയായിരുന്നുവെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നാം വാര്‍ഡിലെ പോസ്റ്റ് ഓഫിസിന് എതിര്‍വശമുള്ള റോഡ്, ജങ്കാര്‍ റോഡ് എന്നിവയുടെ നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതോടെ പ്രതികാരബുദ്ധിയെന്നോണം പദ്ധതി വകമാറ്റുയായിരുന്നുവെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പിന് ശേഷം ഈ ഫണ്ട് പിന്‍വലിച്ച് പദ്ധതി മറ്റൊരു വാര്‍ഡിലേക്ക് അനുവദിച്ചതായി സ്പീക്കറുടെ കത്ത് കലക്ടര്‍ മുഖേന നഗരസഭയ്ക്ക് കൈമാറിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് സത്യപ്രതിജ്ഞാ ലംഘനവും, വാര്‍ഡിലെ വോട്ടര്‍മാരോടുള്ള വെല്ലുവിളിയുമാണെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പറമ്പില്‍ അത്തീഖ്, യു മുനീബ്, ഷാഫി പുളക്കല്‍, യു അബ്ദുറസാഖ്, ഫൈസല്‍ കടവ് പങ്കെടുത്തു.

RELATED STORIES

Share it
Top