ഒന്നാം റാങ്കുകാരനെ തോല്‍പിച്ച് കെ ശ്രീകാന്ത് ഫൈനലില്‍ ; ഇന്തോനീസ്യന്‍ ഓപണ്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരംജക്കാര്‍ത്ത: ഇന്തോനീസ്യന്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മെന്‍സ് സിംഗില്‍സില്‍ കെ ശ്രീകാന്ത് ഫൈനലില്‍. ലോക ഒന്നാംനമ്പര്‍ താരം സണ്‍ വാന്‍ ഹോവിനെ തോല്‍പിച്ചാണ് ശ്രീകാന്തിന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ, ഇന്തോനീസ്യന്‍ ഓപണിന്റെ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ശ്രീകാന്ത് സ്വന്തമാക്കി. സൂപ്പര്‍ സീരിസ് ഇവന്റ്‌സില്‍ തുടര്‍ച്ചയായി രണ്ട് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡും ശ്രീകാന്ത് നേടി. ഈ വര്‍ഷം സിങ്കപ്പൂര്‍ ഓപണിലും ശ്രീകാന്ത് ഫൈനലിലെത്തിയിരുന്നു. 21-15, 14-21, 24-22 എന്ന സ്‌കോറിലാണ് ശ്രീകാന്തിന്റെ ജയം. സ്വതസിദ്ധമായ സ്മാഷസിലൂടെ അക്രമിച്ച് കളിച്ച ശ്രീകാന്തിന്റെ മുന്നേറ്റമായിരുന്നു ആദ്യ സെറ്റില്‍. ആദ്യ ഏഴ് പോയിന്റിലെ മൂന്ന് പോയിന്റും ക്രോസ് കോര്‍ട്ടിലൂടെയും ബോഡി സ്മാഷസിലൂടെയും സ്വന്തമാക്കിയ ശ്രീകാന്ത് 11-6ന്റെ ലീഡ് പിടിച്ചപ്പോള്‍ പിഴവുകള്‍ ആവര്‍ത്തിച്ചത് ലോക ചാംപ്യന്‍ സണിന് വിനയായി. 17 മിനിറ്റിനകം ശ്രീകാന്തിന് മുന്നില്‍ സണ്‍ കീഴടങ്ങിയിരുന്നു. എന്നാല്‍, രണ്ടാം ഗെയിമില്‍ കനത്ത ചെറുത്തുനില്‍പ്പിലൂടെ മുന്നേറിയ സണ്‍ ബാക് ഹാന്‍ഡിന്റെ കരുത്തില്‍ സെറ്റ് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, ആദ്യ സെറ്റിലെ അതേ തന്ത്രം തന്നെ പയറ്റിയത് ശ്രീകാന്തിന് നഷ്ടമായി. 6-2ല്‍ ലീഡില്‍ നില്‍ക്കെ മല്‍സരം കൈവിട്ടുവെങ്കിലും 11-10ല്‍ ശ്രീകാന്ത് തിരിച്ചുപിടിച്ചു. പിന്നീട് സമ്മര്‍ദത്തിനടിപ്പെട്ട ശ്രീകാന്തില്‍ നിന്ന് സെറ്റ് പിടിച്ചെടുക്കാന്‍ സണിന് അധികം സമയം വേണ്ടിവന്നില്ല. ഏറെ നിര്‍ണായകമായ മൂന്നാംസെറ്റില്‍ വാശിയേറിയ പോരാട്ടത്തിലൂടെ ഇരുവരും ആധിപത്യം കൈമാറി കൊണ്ടിരുന്നു. ഒടുവില്‍ 19-19ല്‍ നില്‍ക്കെ മാച്ച് പോയിന്റ് സണ്‍ സ്വന്തമാക്കിയതോടെ മല്‍സരം നീണ്ടു. ഒരു മണിക്കൂര്‍ 12 മിനിറ്റ്് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ശ്രീകാന്തിന്റെ പരിശ്രമം വിജയം കണ്ടു. ജയത്തോടെ സണിനെതിരേ 3-4 ന്റെ വിജയ നേട്ടം എന്ന റെക്കോഡും ശ്രീകാന്ത് സ്വന്തം പേരിനൊപ്പം ചേര്‍ത്തു. പ്രണോയിയെ തോല്‍പിച്ച 47ാം റാങ്കുകാരന്‍ ജപ്പാന്റെ കസുമാസ സക്കായിക്കെതിരേയാണ് ശ്രീകാന്ത് ഫൈനല്‍ പോരിനിറങ്ങുക. ലോക 22ാം റാങ്കായ ശ്രീകാന്തിന്റെ നാലാം സൂപ്പര്‍ സീരിസ് ഫൈനലാണിത്.

RELATED STORIES

Share it
Top