ഒന്നര വയസ്സുകാരനെ കൊന്ന മാതാവ് റിമാന്‍ഡില്‍

കട്ടപ്പന: ഉപ്പുതറയിലെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ മാതാവ് കോട്ടയം അയര്‍ക്കുന്നം നിരവേലില്‍ കുന്തംചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളി (37)യെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 18നാണ് ഇവരുടെ മകന്‍ അലക്‌സ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് ജോയിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് റോളിയെ ചോദ്യംചെയ്തപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. റോളി മാനസികരോഗത്തിന് നാളുകളായി ചികില്‍സയിലായിരുന്നെന്നു പറയുന്നു.
അലക്‌സിനെ കട്ടിലില്‍ നിന്നു വീണതാെണന്നു പറഞ്ഞാണ് കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയതോടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കുട്ടി മരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ചോദ്യംചെയ്യലില്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞതായി പോലിസ് അറിയിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികള്‍ റോളിയുടെ സഹോദരന്റെ വീടുപണിക്കായാണ് ഉപ്പുതറ പുതുക്കടയിലെത്തിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top