ഒന്നരക്കോടിക്ക് നീരവ് മോദി നല്‍കിയതു വ്യാജ വജ്രമോതിരം; വിവാഹം മുടങ്ങിയെന്നു യുവാവ്

ഒട്ടോവ: പിഎന്‍ബി തട്ടിപ്പു കേസിലെ പ്രതി നീരവ് മോദി കനേഡിയന്‍ പൗരന് വ്യാജ വജ്രമോതിരങ്ങള്‍ വിറ്റതായി പരാതി. പോള്‍ അല്‍ഫോണ്‍സാണ് തട്ടിപ്പിന് ഇരയായതെന്നു സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. 2,00,000 അമേരിക്കന്‍ ഡോളറാണ് (ഏകദേശം 1.50 കോടി രൂപ) മോതിരങ്ങള്‍ക്ക് കമ്പനി ഈടാക്കിയത്.
കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്താന്‍ ഹോങ്കോങില്‍ നിന്ന് പോള്‍ വാങ്ങിയതായിരുന്നു മോതിരങ്ങള്‍. എന്നാല്‍ മോതിരം വ്യാജമാണെന്നറിഞ്ഞതോടെ യുവതി പോളുമായി തെറ്റി. 2012 മുതല്‍ പരിചയമുള്ളവരാണു നീരവ് മോദിയും പോളും.
1,20,000 ഡോളറിന്റെ 3.2 കാരറ്റ് ഡി കളര്‍, വിവിഎസ് 1 ഉയര്‍ന്ന മൂല്യമുളള വജ്രമോതിരം നല്‍കാമെന്നു നീരവ് പോളിനെ അറിയിച്ചിരുന്നു.
ഇതിനു പുറമെ 2.5 കാരറ്റ് ഓവല്‍ വജ്രമോതിരവും പോള്‍ വാങ്ങിയിരുന്നു. ഇതിന് 80,000 ഡോളറായിരുന്നു വില.
മോതിരങ്ങള്‍ നല്‍കി പോള്‍ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തി. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാല്‍ മോതിരം ഇന്‍ഷുര്‍ ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നീരവ് മോദി നല്‍കിയിരുന്നില്ല. ആഗസ്തില്‍ മോതിരത്തിന്റെ മൂല്യം അറിയാനായി യുവതി ഒരു ജ്വല്ലറിയില്‍ എത്തിയതോടെയാണു തട്ടിപ്പ് അറിയുന്നത്.

RELATED STORIES

Share it
Top