ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

എരുമേലി: ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും ഒന്നരക്കിലോ കഞ്ചാവുമായി പിടികൂടി.
എരുമേലി ശ്രീനിപുരം നാല് സെന്റ് കോളനിയില്‍ വയലില്‍ ലൈജു രാജേന്ദ്രന്‍ (30), റാന്നി ചെല്ലക്കാട് പൂഴിക്കുന്ന് ഭാഗത്ത് വള്ളിക്കാലായില്‍ വീട്ടില്‍ ദിലീപ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയോടെ എരുമേലി മുക്കട പാതയില്‍ കരിമ്പിന്‍തോട് വെയ്റ്റിങ് ഷെഡില്‍ നിന്നാണ്  ഇവരെ പിടികൂടിയതെന്ന് മണിമല സിഐ ടി ഡി സുനില്‍കുമാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് 1.45 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
തമിഴ്‌നാട്ടിലെ കമ്പത്തു നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനില്‍ പുനലൂരിലെത്തിയ ശേഷം കെഎസ്ആര്‍ടിസി ബസ്സില്‍ വന്ന ഇവര്‍ കരിമ്പിന്‍തോട് ജങ്ഷനില്‍ ഇറങ്ങി വെയ്റ്റിങ് ഷെഡ്ഡിലിരുന്നപ്പോള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പിടികൂടുകയായിരുന്നു. കമ്പത്തു നിന്നും കഞ്ചാവ് വാങ്ങി  എരുമേലി, റാന്നി, മുണ്ടക്കയം എന്നീ പ്രദേശങ്ങളില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കു വില്‍ക്കുന്ന സംഘം ആണ് ഇവരെന്ന് പോലിസ് പറയുന്നു.
സിഐ ടി ഡി സുനില്‍ കുമാര്‍, എസ്‌ഐ മനോജ് മാത്യു, എഎസ്‌ഐ കുരുവിള, സിവില്‍ ഓഫിസര്‍മാരായ  റോബിന്‍ ,അഭിലാഷ്, ശ്യാം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top