ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അസ്റ്റിലായി. കൊറ്റങ്കര മാമൂട് ബിനുഭവനത്തില്‍ ബെന്നിച്ചന്‍ (27) ആണ് എക്‌സൈസിന്റെ വലയിലായത്. ഇയാളില്‍ നിന്നും ഒന്നരകിലോ കഞ്ചാവും പള്‍സര്‍ ബൈക്കും കഞ്ചാവ് വില്‍പ്പന നടത്തിയ പണവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ആഡംബര കാര്‍ വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിതരണം നടത്തിവന്ന യുവാക്കളും ഇതേ ഷാഡോ സംഘം പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച സൂചനകള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് കഞ്ചാവ് വില്‍പ്പനയ്ക്കായി നല്‍കിയ ബെന്നി പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളില്‍ നിന്നും മൂര്‍ച്ചയേറിയ ഒരു വാളും പിടിച്ചെടുത്തു. അറസ്റ്റ് സമയത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തി അറസ്റ്റുചെയ്തത്. ഇയാള്‍ കുടുബവുമായി തമിഴ്‌നാട്ടില്‍ വിനോദസഞ്ചാരത്തിനായി പോകുന്നതിന്റെ മറവിലാണ് വന്‍തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ദിവസേന ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. ഇവരെക്കുറിച്ചും എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top