ഒഡീഷ സ്വദേശിയുടെ കൊലപാതകം; നാലുപേര്‍ അറസ്സില്‍

വളപട്ടണം: കീരിയാട്ട് ഒഡീഷ സ്വദേശി പ്രഭാകര്‍ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ പോലിസ് പിടിയിലായി. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ ക്രൈം സ്‌ക്വാഡില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഒഡീഷയിലെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 19ന് അര്‍ധരാത്രിയാണു പ്രഭാകര്‍ദാസ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ കിടന്നുറങ്ങവെ അഞ്ചംഗസംഘം ആഭരണങ്ങള്‍ കവര്‍ന്നശേഷം പ്രഭാകര്‍ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം.
രാത്രി തന്നെ കണ്ണൂരിലെത്തിയ പ്രതികള്‍ ആഭരണങ്ങള്‍ സൂക്ഷിച്ച പെട്ടിയും മറ്റും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച് തീവണ്ടിമാര്‍ഗം ഒഡീഷയിലേക്ക് കടക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇതരസംസ്ഥാനക്കാരാണെന്ന് അയല്‍വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തെളിഞ്ഞിരുന്നു. ഏഴുമാസം മുമ്പ് പ്രഭാകര്‍ദാസ് സൂപ്പര്‍വൈസറായി ജോലിചെയ്തിരുന്ന പ്ലൈവുഡ് ഫാക്്ടറിയില്‍ ജോലിക്കെത്തിയ ഗണേഷി(25)ന്റെ നേതൃത്വത്തിലുള്ളവരാണ് കൊലനടത്തിയത്. പിടിയിലായവരില്‍ ഗണേശും ഉള്‍പ്പെടും. പ്രഭാകര്‍ദാസ് മുഖേന ജോലിയില്‍ കയറിയ ഗണേഷ് കമ്പനിയിലെ മറ്റൊരാളുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് പ്രഭാകര്‍ ഫോണിന്റെ വില ഗണേഷിന്റെ വേതനത്തില്‍നിന്ന് പിടിച്ചെടുത്ത് ഫോണിന്റെ ഉടമയ്ക്ക് നല്‍കിയിരുന്നു. ഏഴുമാസം മുമ്പായിരുന്നു ഈ സംഭവം.
പിന്നീട് ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഗണേഷ് നാട്ടിലേക്ക് മടങ്ങി. ഒഡീഷയില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം 19ന് കണ്ണൂരിലെത്തിയ ഗണേഷ് പ്രഭാകര്‍ദാസിന്റെ വീട്ടില്‍ കവര്‍ച്ച നടത്തി പ്രതികാരത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നു.

RELATED STORIES

Share it
Top