ഒഡിഎഫ് പദ്ധതി : ജില്ലയുടെ നഗരങ്ങള്‍ ഇനി വെളിയിട വിസര്‍ജന വിമുക്തംകോട്ടയം: ജില്ലയിലെ നഗര പ്രദേശങ്ങള്‍ പൂര്‍ണമായും വെളിയിട വിസര്‍ജന വിമുക്ത (ഒഡിഎഫ്) മേഖലയാവുന്നു. ഇതിനായി ജില്ലാ ശുചിത്വ മിഷന്റെയും മുനിസിപ്പാലിറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കിയ ഓപണ്‍ ഡെഫക്കേഷന്‍ ഫ്രീ പദ്ധതി പ്രകാരം ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളിലായി 1395 ശുചിമുറികളാണ് നിര്‍മിച്ചത്. നഗര മേഖലകളില്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ് കോട്ടയം.ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായി 74.39 ലക്ഷം രൂപയും അതത് മുനിസിപ്പാലിറ്റി വിഹിതമായി 1.40 കോടി രൂപയുമാണ് ചെലവഴിച്ചത്. ഒരു ശുചിമുറിക്ക് 15400 രൂപ നിരക്കിലാണ് നിര്‍മാണ ചെലവ് കണക്കാക്കിയത്. വൈക്കം മേഖലയിലെ ദുര്‍ഘട പ്രദേശങ്ങളിലും നിര്‍മാണം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാനായതും കേന്ദ്ര സംസ്ഥാന വിഹിതം ഗുണഭോക്താക്കള്‍ക്ക് നല്‍കാനായതും പദ്ധതി വളരെ വേഗം നടപ്പാക്കാന്‍ കാരണമായി. കോട്ടയം-314, ചങ്ങനാശ്ശേരി-152, വൈക്കം 415, ഈരാറ്റുപേട്ട-112, ഏറ്റുമാനൂര്‍- 313, പാല-697 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളില്‍ പദ്ധതിക്ക് കീഴില്‍ നിര്‍മിച്ച ശുചിമുറികളുടെ കണക്ക്. ജില്ലാ ശുചിത്വമിഷന്റെയും ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനായതെന്ന് കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top