ഒടുവില്‍ മുടിയോടൊപ്പം അന്ധവിശ്വാസവും മുറിച്ചുമാറ്റി വീട്ടമ്മപൂനെ: 17 വര്‍ഷം ആചരിച്ച 'മുടി വളര്‍ത്തല്‍' അന്ധവിശ്വാസത്തെ പടിയിറക്കി ഒരു വീട്ടമ്മ. പൂനെയിലെ ഖഡ്കിയിലാണ് സംഭവം. ദൈവകോപം ഭയന്നു മുടി മുറിക്കാതെ നീട്ടിവളര്‍ത്തുന്ന അന്ധവിശ്വാസമുണ്ട് മഹാരാഷ്ട്രയിലെ പൂനെയില്‍. വീട്ടില്‍ നിരന്തരം ആപത്തുകള്‍ സംഭവിച്ചാല്‍ ദൈവകോപമാണെന്ന വിശ്വാസത്തിലാണ് ചില സ്ത്രീകള്‍ മുടി വെട്ടാതെ നീട്ടി വളര്‍ത്തുന്നത്. ജട പിടിച്ച മുടിയുമായി ജീവിതാവസാനം വരെ തള്ളിനീക്കുന്ന രീതിയാണിത്. എന്നാല്‍, നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം 50കാരിയായ കലാവതി പര്‍ദേശിയാണ് തന്റെ നാലടി നീളമുള്ള ജട പിടിച്ച മുടി മുറിച്ചുമാറ്റി ഗ്രാമവാസികള്‍ക്ക് മാതൃകയായത്.
മഹാരാഷ്ട്രയിലെ അന്തശ്രദ്ധാ നിര്‍മൂലന്‍ സമിതി എന്ന സാമൂഹിക സംഘടനാ പ്രവര്‍ത്തകരുടെ നാളുകളായുള്ള അഭ്യര്‍ഥനയും കൗണ്‍സലിങും മുഖേനയാണ് കലാവതി തന്റെ മുടിയോടൊപ്പം വര്‍ഷങ്ങളുടെ അന്ധവിശ്വാസവും പടികടത്തിയത്. സാമൂഹിക സമ്മര്‍ദമാണ് മുടി വളര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നും ഭാരമായിട്ടും ഗ്രാമവാസികളുടെയും മറ്റും നിര്‍ബന്ധം മൂലം ഇത്രയും വര്‍ഷം ആരോടും പരാതി പറയാതെ സഹിക്കുകയായിരുന്നെന്നും കലാവതി പറഞ്ഞു. ബന്ധുക്കളും തന്നില്‍ നിന്ന് അകലം പാലിച്ചു. ദൈവകോപം മറ്റുള്ളവരെയും ബാധിക്കുമെന്ന വിശ്വാസത്താല്‍ എല്ലാവരും ജോലി തരാനും മടിച്ചു. സഹികെട്ടപ്പോള്‍ മുടി മുറിക്കാന്‍ വിവിധ ബാര്‍ബര്‍മാരെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. ഒരു ബാര്‍ബര്‍ ഷോപ്പ് ഉടമ 60,000 രൂപ തന്നാല്‍ മുടി മുറിക്കാമെന്ന് സമ്മതിച്ചെങ്കിലും സാമ്പത്തിക സ്ഥിതി അതിന് അനുവദിച്ചില്ല- കലാവതി പറയുന്നു.
സന്നദ്ധ പ്രവര്‍ത്തകരാണ് ജടപിടിച്ച നീളന്‍ മുടി മുറിച്ച് കലാവതിയെ പുതിയ കാലത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചത്. ഇപ്പോള്‍ ഏറെ ആശ്വാസം തോന്നുന്നുവെന്നും എന്തോ ഭാരം ഒഴിഞ്ഞുപോയ പ്രതീതിയാണെന്നും കലാവതി പറഞ്ഞു. മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട നരേന്ദ്ര ധബോല്‍കര്‍ 2013ല്‍ തുടങ്ങിവച്ചതാണ് മുടി വളര്‍ത്തല്‍ അന്ധവിശ്വാസത്തില്‍ നിന്നുള്ള സാധാരണക്കാരുടെ മോചനം. ഇതിനു മുമ്പും ഈ സന്നദ്ധ സംഘടനയുടെ കീഴില്‍ പലരും മുക്തി നേടിയിട്ടുണ്ട്.

RELATED STORIES

Share it
Top