ഒടുവില്‍ പന്തീരാങ്കാവിലും പോലിസ് സ്റ്റേഷന്‍

പന്തീരാങ്കാവ്: മുപ്പത്തിയഞ്ചു വര്‍ഷക്കാലത്തിലേറെയായ പന്തീരാങ്കാവ്കാരുടെ പോലിസ് സ്റ്റേഷന്‍ എന്ന ആവശ്യം സഫലമാകുന്നു. പുതുതായി അനുവദിച്ച പന്തീരാങ്കാവ് പോലിസ് സ്റ്റേഷന്‍ ഈ മാസം ഉദ്ഘാടനം ചെയ്യും.
ഇതോടെ നല്ലളം പോലിസിനെ ആശ്രയിച്ചിരുന്ന നാട്ടുകാര്‍ക്ക് അയല്‍പക്കത്തു തന്നെ പോലിസിന്റെ സഹായം തേടിപ്പോകാം. ഇതോടെ നല്ലളം പോലിസിന് ജോലിഭാരം കുറയുകയും ചെയ്യും. ഇനിയും അനുയോജ്യമായ സ്വന്തം സ്ഥലം കണ്ടുപിടിച്ചിട്ടില്ല. അതിനാല്‍ കൊടല്‍ നടക്കാവ് പറപ്പാറക്കുന്നിലെ ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിന്റെ വനിതാവ്യവസായ കേന്ദ്രം താല്‍ക്കാലികമായി സ്‌റ്റേഷന്‍ പ്രവര്‍ത്തനത്തിന് നല്‍കുകയായിരുന്നു.
പെരുമണ്ണ പഞ്ചായത്ത്, ഒളവണ്ണ പഞ്ചായത്തിലെ ഒന്നു മുതല്‍ 12 വരെയും 14, 20, 21, 22, 23 വരെ വാര്‍ഡുകളാണ് പോലിസ് സ്റ്റേഷന്റെ പരിധി.
ഒരു സര്‍ക്കിള്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു അസി. സബ് ഇന്‍സ്‌പെക്ടര്‍, 20 സിവില്‍ ഓഫിസര്‍മാര്‍, അഞ്ച് വനിതാ സിവില്‍ ഓഫിസര്‍മാര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നിവരാണ് ഉണ്ടാവുക. പിടിഎ റഹീം എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് സ്‌റ്റേഷനുവേണ്ട താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുന്നത്.

RELATED STORIES

Share it
Top