ഒഐസിയുടെ പ്രഖ്യാപനം തള്ളുന്നതായി നെതന്യാഹു

തെല്‍അവീവ്: കിഴക്കന്‍ ജറുസലേമിനെ ഫലസ്തീന്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ഇസ്‌ലാമിക സഹകരണ സംഘടനയുടെ (ഒഐസി) പ്രഖ്യാപനം തള്ളുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്നും കൂടുതല്‍ രാജ്യങ്ങള്‍ അവരുടെ എംബസി നഗരത്തിലേക്ക് മാറ്റുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തിലായിരുന്നു ഒഐസിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ട്രംപിന്റെ പ്രഖ്യാപനം അപകടകരമാണെന്നും ഒഐസി നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഇസ്രായേലിലേക്ക് ക്ഷണിക്കുന്നതായി ഇസ്രായേല്‍ മന്ത്രി യിസ്രായേല്‍ കാട്‌സ് അറിയിച്ചു. ഇസ്രായേലും ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ചകള്‍ അറബ് ലോകത്തിന്റെ നേതാക്കളായ സൗദി അറേബ്യയുടെ ആഭിമുഖ്യത്തിലാണ് നടക്കേണ്ടതെന്ന് കാട്‌സ് പറഞ്ഞു. കിഴക്കന്‍ ജറുസലേം ഫലസ്തീന്‍ തലസ്ഥാനമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സൗദി രാജാവ് സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. സൗദി ശൂറാ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

RELATED STORIES

Share it
Top