ഐ എസ് ബന്ധം : സൗദിയില്‍ ഇന്ത്യക്കാരനെതിരേ വിചാരണ ആരംഭിച്ചുജിദ്ദ: ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചതായി ആരോപണം നേരിടുന്ന ഇന്ത്യക്കാരനെതിരേ റിയാദിലെ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി. ഐഎസിനു പുറമെ അല്‍ നുസ്‌റ, ജയ്ഷ് അല്‍ ഫതഹ് എന്നീ സംഘടനകളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി കുറ്റപത്രത്തില്‍ പറയുന്നു.2015ല്‍ കുവൈത്തിലെ പള്ളിയില്‍ ഐഎസ് ആക്രമണം നടത്തിയ ശേഷം ഈ സംഘടനയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചിരുന്നതായി ഇയാള്‍ കോടതിയില്‍ മൊഴിനല്‍കി. ഐഎസിന്റെ ലക്ഷ്യം പള്ളികളും മറ്റും സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയും നിരപരാധികളെ ഭീകരപ്രവര്‍ത്തനങ്ങളിലൂടെ കൊന്നൊടുക്കുകയുമാണെന്നും മനസ്സിലായതോടെ പിന്തിരിയുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ ഉണ്ടായിരുന്നെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും ഇവ കണ്ടെത്തിയിരുന്നില്ല. വീഡിയോ ക്ലിപ്പുകള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തിരുന്നതായും ഇന്ത്യയിലുള്ള സമാന ചിന്താഗതിക്കാരായ ആളുകളുമായി ആശയവിനിമയം നടത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്നു വ്യക്തമാക്കിയ പ്രതി ന്യായാധിപരുമായി നേരിട്ട് സംസാരിച്ചാല്‍ മതിയെന്നും അറിയിച്ചു. പള്ളികള്‍ തകര്‍ത്തതോടെ ഐഎസിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നുവെന്നും എന്നാല്‍, ഇന്റര്‍നെറ്റിലൂടെയും ടെലിവിഷനിലൂടെയും സിറിയയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാറുണ്ടായിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവെന്ന ആരോപണം നിഷേധിച്ച പ്രതി ഇവ നിരോധിക്കപ്പെട്ടവയാണെന്ന് അറിയാതെയാണ് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തതെന്നും വ്യക്തമാക്കി. പരിക്കേറ്റ ഐഎസ് പ്രവര്‍ത്തകന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരേയൊരു വീഡിയോ മാത്രമാണ് മറ്റുള്ളവര്‍ക്ക്് അയച്ചത്. പാരായണത്തിന്റെ ആസ്വാദ്യതകൊണ്ടു മാത്രമാണ് അങ്ങനെ ചെയ്തത്. ഇവയെല്ലാം മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നുവെന്നും പോലിസ് അറസ്റ്റ് ചെയ്യുമ്പോള്‍ അത്തരം യാതൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.  നീതിപൂര്‍ണമായ വിചാരണയ്ക്കായി പ്രതിക്കുവേണ്ടി യോഗ്യതയുള്ള പരിഭാഷകനെ നിയോഗിക്കാന്‍ കോടതി നിര്‍ദേശിച്ചു. റിയാദില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

RELATED STORIES

Share it
Top