ഐ ആര്‍ ഇ ഖനന മേഖലയില്‍ സംഘര്‍ഷം

കരുനാഗപ്പള്ളി:ഐ ആര്‍ ഇ ഖനന മേഖലയില്‍ ഭൂമി ഏറ്റെടുത്ത വസ്തു ഉടമയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഗുരുതര കരള്‍ രോഗബാധിതന്‍ ഉള്‍പ്പടെയുള്ളവര്‍ക്കു നേരെ പോലിസിന്റെ കൈയേറ്റ ശ്രമമുണ്ടായതായി ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. അടിയന്തര കരള്‍ മാറ്റ ശസ്ത്രക്രിയക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച വെള്ളനാതുരത്ത് കുന്നുംപുറത്ത് രമണ(56) നെയും കിഴക്കേഅറ്റത്ത് ലിനീഷിനെയും പോലിസ്‌കസ്റ്റഡിയിലെടുത്തു. ഏഴ് വര്‍ഷത്തിലധികമായി ഐ ആര്‍ ഇ ഏറ്റെടുത്ത തന്റെ വസ്തുവിന്റെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് രമണന്‍ കഴിഞ്ഞ ദിവസം രാവിലെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഗുരുതര കരള്‍ രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലാണ്. പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഐ ആര്‍ ഇ മൈനിങ് ഏരിയ എന്‍ജിനീയര്‍ ശാന്തകുമാറിനിനെയും മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് കസ്റ്റഡിയിലെടുത്ത രമണനെയും ലിനീഷിനെയും പിന്നീട് വിട്ടയച്ചു. രമണനെ പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ ആര്‍ ഇ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സി പി  എം ലോക്കല്‍ കമ്മിറ്റി അംഗവും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് വെള്ളനാതുരത്തിലെത്തിയ പോലിസ് സംഘത്തിനു നേരെ വീണ്ടും ജനങ്ങളുടെ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് കരുനാഗപ്പള്ളി എ സി പി സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഉണ്ണികൃഷ്ണനെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top