ഐസ് കമ്പനികളില്‍ പരിശോധന ശക്തമാക്കും: ജില്ലാ കലക്ടര്‍

കോഴിക്കോട്: ഗുണനിലവാരമില്ലാത്തതും രോഗങ്ങള്‍ക്ക് കാരണമാവുന്നതുമായ ഐസ് നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍ദ്ദേശം നല്‍കി.
കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസറുടേയും ഫുഡ് സേഫ്റ്റി അസി. കമ്മിഷണറുടേയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ നടപടികള്‍ക്കായി സബ് കലക്ടറെ ചുമതലപ്പെടുത്തി. 2018 ഫെബ്രുവരിയില്‍ ജലം, ഐസ് , മല്‍സ്യം, മാംസം എന്നീ ഇനങ്ങളില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. 28 ഐസ് ഫാക്ടറികളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് സിഡബ്ല്യുആര്‍ഡിഎമ്മില്‍ പരിശോധനയ്ക്കയച്ചു.
പരിശോധനാ ഫലം ഉള്‍പ്പെടുത്തിയാണ് ഹെല്‍ത്ത് ഓഫിസര്‍ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചത്. പരിശോധന നടത്തിയയില്‍ പതിനൊന്നെണ്ണത്തില്‍ അധികമായ അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചില ഐസ് ഫാക്ടറികളില്‍ ഉപയോഗിക്കുന്ന ജലത്തില്‍ ഉണ്ടാക്കുന്ന ഐസ് മല്‍സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ പോലും ഉപയുക്തമല്ല. നഗരത്തിലെ പല കൂള്‍ ബാറുകളും ഹോട്ടലുകളും വഴിവാണിഭക്കാരും ഈ ഐസ് ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, ഡെപ്യൂട്ടി കലക്ടര്‍ പി പി കൃഷ്ണന്‍കുട്ടി , കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍, ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ പി കെ ഏലിയാമ്മ പങ്കെടുത്തു.

RELATED STORIES

Share it
Top