ഐസ് അലിയിച്ച് നൈജീരിയ; അര്‍ജന്റീനയ്ക്ക് പ്രതീക്ഷവോള്‍വോഗ്രാഡ്: ഗ്രൂപ്പ് ഡിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഐസ്‌ലന്‍ഡിനെ തകര്‍ത്ത് നൈജീരിയ. എതിരില്ലാത്ത രണ്ട് ഗോളിനാണ് നൈജീരിയ വിജയം പിടിച്ചത്. ഗോളകന്ന് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് നൈജീരിയ രണ്ട് ഗോളും അക്കൗണ്ടിലാക്കിയത്. അഹ്മദ് മൂസയുടെ കാലുകളില്‍ നിന്നായിരുന്നു രണ്ട് ഗോളും പിറന്നത്.
നിര്‍ണായക മല്‍സരത്തില്‍ 4-4-2 ഫോര്‍മാറ്റില്‍ ഐസ്‌ലന്‍ഡ് ബൂട്ടണിഞ്ഞപ്പോള്‍ 3-5-2 ഫോര്‍മാറ്റിലായിരുന്നു നൈജീരിയ തന്ത്രം മെനഞ്ഞത്. മൂന്നാം മിനിറ്റില്‍ത്തന്നെ നൈജീരിയയെ ഐസ്‌ലന്‍ഡിനെ ഞെട്ടിച്ചു. ഐസ് ലന്‍ഡ് താരം നിഗൂര്‍ഡ്‌സണ്‍ എടുത്ത ഫ്രീകിക്കിനെ നൈജീരിയന്‍ ഗോള്‍കീപ്പര്‍ ഉസോഹോ സേവ് ചെയ്യുകയായിരുന്നു. തുടക്കം മുതല്‍ ഐസ്‌ലന്‍ഡിനേക്കാള്‍ മികച്ച പോരാട്ടമാണ് നൈജീരിയ പുറത്തെടുത്തത്. അഞ്ചാം മിനിറ്റില്‍ ഐസ്‌ലന്‍ഡിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍കിക്കില്‍ നിന്ന് നൈജീരിയന്‍ ഗോള്‍പോസ്റ്റിലേക്കെത്തിയ പന്തിനെ ഉസോഹോ സേവ് ചെയ്തു. ഐസ് ലന്‍ഡിന്റെ ഗോള്‍മുഖത്ത് നൈജീരിയന്‍ താരങ്ങള്‍ നിരന്തരം പന്തെത്തിച്ചെങ്കിലും ഉസോഹോയുടെ കാവലിനെ മറികടക്കാന്‍ നൈജീരിന്‍ നിരയ്ക്ക് കഴിഞ്ഞില്ല.  31ാം മിനിറ്റില്‍ നൈജീരിയക്ക് അക്കൗണ്ട് തുറക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഏറ്റബോ പാഴാക്കിക്കളഞ്ഞു. ലഭിച്ച ഫ്രീകിക്കിനെ നേരിട്ട് പോസ്റ്റില്‍ കയറ്റാനുള്ള ഏറ്റെബോയുടെ ശ്രമം അലക്ഷ്യമായി പുറത്തുപോയി. രണ്ട് മിനിറ്റിനുള്ളില്‍ ഐസ്‌ലന്‍ഡ് ഗോള്‍പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് ബമാസണ്‍ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പോസ്റ്റിന് വെളിയിലേക്ക് പോയി. 39ാം മിനിറ്റില്‍ ഇഹ് നാച്ചോയെ ഫൗള്‍ ചെയ്തതിന് നൈജീരയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും ഐസ്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ഹല്‍ഡോര്‍സണ്‍ ടീമിനെ രക്ഷപെടുത്തി. പിന്നീടുള്ള സമയത്ത് ഗോള്‍ പിറക്കാതെ വന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് ഇരു കൂട്ടരും പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയിറങ്ങിയ നൈജീരിയ 49ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. പോസ്റ്റിന്റെ വലത് ഭാഗത്ത് നിന്ന് മോസസ് നല്‍കിയ പാസിനെ തകര്‍പ്പന്‍ ഷോട്ടിലൂടെ  അഹ്മദ് മൂസ വലയിലെത്തിക്കുകയായിരുന്നു. 1-0ന് നൈജീരിയ മുന്നില്‍. ലീഡെടുത്തതോടെ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ നൈജീരിയ 75ാം മിനിറ്റില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. ഒമ്യൂറോയുടെ അസിസ്റ്റില്‍ അഹ്മദ് മൂസ തന്നെയാണ് നൈജീരിയ്ക്കായി രണ്ടാം ഗോളും നേടിയത്. 2-0ന് നൈജീരിയ മുന്നില്‍.
ഗോള്‍ മടക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച ഐസ്‌ലന്‍ഡിന് അനുകൂലമായി 83ാം മിനിറ്റില്‍ പെനല്‍റ്റി ലഭിച്ചു. പോസ്റ്റിനുള്ളില്‍ ഫിന്‍ബോഗാസണിനെ എബുവേഫി ഫൗള്‍ ചെയ്തതിനാണ് പെനല്‍റ്റി അനുവദിച്ചത്. എന്നാല്‍ കിക്കെടുത്ത ഗില്‍ഫി സിഗ്യൂര്‍ഡ്‌സണ് ലക്ഷ്യം പിഴച്ചു.  പിന്നീടുള്ള സമയത്തും നൈജീരിയക്ക് മുന്നില്‍ ഐസ്‌ലന്‍ഡിന്റെ ലക്ഷ്യം പിഴച്ചതോടെ 2-0ന്റെ തകര്‍പ്പന്‍ ജയം നൈജീരിയക്കൊപ്പം നിന്നു. ഐസ്‌ലന്‍ഡിന്റെ തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വച്ചു.

RELATED STORIES

Share it
Top