ഐസിസി ട്വന്റി റാങ്കിങ്: കല്യാണ അവധിക്ക് പോയ കോഹ്‌ലിക്ക് സ്ഥാനമിടിവ്, ബുംറയ്ക്കും തിരിച്ചടി



ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ ട്വന്റി റാങ്കിങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് സ്ഥാനമിടിവ്. 48 റേറ്റിങ് പോയിന്റുകള്‍ നഷ്ടപ്പെട്ട കോഹ്‌ലി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പരയിലെ മോശം പ്രകടനം ബൗളിങ് റാങ്കിങില്‍ ജസ്പ്രീത് ബൂംറയേയും ബാധിച്ചു. ഒന്നാം സ്ഥാനത്തായിരുന്ന ബൂംറ നിലവില്‍ മൂന്നാം സ്ഥാനത്താണ്.
അതേ സമയം ലങ്കയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കെ എല്‍ രാഹുല്‍ 23 സ്ഥാനം മുന്നോട്ടുകയറി കോഹ്‌ലിക്ക് തൊട്ടുപിറകിലായി നാലാം സ്ഥാനത്തേക്കെത്തി. കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 14ാം സ്ഥാനത്തേക്കെത്തി. ഇന്‍ഡോറില്‍ രോഹിത് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് താരത്തിന്റെ റാങ്കിങിലെ മുന്നേറ്റത്തിന് കരുത്തായത്. ആസ്‌ത്രേലിയയുടെ വെടിക്കെട്ട് ഓപണര്‍ ആരോണ്‍ ഫിഞ്ചാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസാണ് രണ്ടാം സ്ഥാനത്ത്.
ബൗളര്‍മാരുടെ റാങ്കിങിലും ഇന്ത്യ നേട്ടമുണ്ടാക്കി. പരമ്പരയിലെ ആദ്യ രണ്ട് കളികളിലും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹല്‍ പതിനാല് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി 16ാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഹാര്‍ദിക് പാണ്ട്യ 39ാം സ്ഥാനവും കുല്‍ദീപ് യാദവ് 64ാംസ്ഥാനത്തുമെത്തി.

RELATED STORIES

Share it
Top