ഐസിസി ചാംപ്യന്‍സ് ട്രോഫി : രാജകിരീടം ഒരു കളിയകലെലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ആവേശം വാനോളം ഉയര്‍ത്തി ചിര വൈരികളായ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍. സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് പാകിസ്താന്‍ തങ്ങളുടെ ആദ്യ ചാംപ്യന്‍സ് ട്രോഫി ഫൈനലിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് കോഹ്‌ലിയും സംഘവും ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ഓവലില്‍ വൈകീട്ട് മൂന്ന് മണി മുതലാണ് മല്‍സരം നടക്കുന്നത്.

ബാറ്റിങ് കരുത്തില്‍ മുന്‍ ചാംപ്യന്മാര്‍

പാകിസ്താനെതിരേ ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആത്മവീര്യം ബാറ്റിങിലാണ്. ഓപണര്‍മാരായ ശിഖാര്‍ ധവാനും രോഹിത് ശര്‍മയും നല്‍കുന്ന മികച്ച തുടക്കത്തെ ആശ്രയിച്ചാവും ഇന്ത്യയുടെ ജയ സാധ്യതകളും. ചാംപ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ധവാന്‍ ഒന്നാമതും രോഹിത് രണ്ടാമതുമായി സ്വര്‍ണ ബാറ്റിന് വേണ്ടി പോരടിക്കുകയാണ്. ഇംഗ്ലണ്ട് മൈതാനത്തെ ധവാന്റെ മിന്നും പ്രകടനം ഇത്തവണയും ഇന്ത്യക്ക് ചാംപ്യന്‍സ് ട്രോഫി നേടിത്തരാന്‍ കണക്കിനാണ്. നാല് മല്‍സരങ്ങളില്‍ നിന്ന് 79.25 ശരാശരിയില്‍ 317 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 125 റണ്‍സാണ് ധവാന്റെ ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്തുള്ള രോഹിതിന്റെ അക്കൗണ്ടില്‍ 304 റണ്‍സാണുള്ളത്. രോഹിതും രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് നേടിയിട്ടുള്ളത്. ബംഗ്ലാദേശിനെതിരേ പുറത്താവാതെ നേടിയ 123 റണ്‍സാണ് രോഹിതിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്്‌ലി നാല് മല്‍സരങ്ങളില്‍ നിന്ന് 253 റണ്‍സും നേടിയിട്ടുണ്ട്. ഓപണിങ്ങിലെ ധവാന്‍- രോഹിത് കൂട്ടുകെട്ടിന് മുന്നില്‍ സചിന്‍ ടെണ്ടുല്‍ക്കറിന്റേയും സൗരവ് ഗാംഗുലിയുടേയും റെക്കോഡുകള്‍ വരെ പഴങ്കഥയായി. ഇരുവരും ഇന്ത്യക്കുവേണ്ടി 58 മല്‍സരങ്ങളില്‍ ഓപണ്‍ ചെയ്ത് നേടിയത് 50 റണ്‍സ് ശരാരിക്ക് മുകളില്‍ 2834 റണ്‍സാണ്. ഇതില്‍ 10 തവണ ഇരുവരുടേയും ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 100 റണ്‍സ് കടന്നു. പാകിസ്താനെതിരേയും ഇരുവരും ചേര്‍ന്ന് ശുഭാരംഭം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാംപുള്ളത്.പാകിസ്താന്റെ ഫാസ്റ്റ് ബൗളര്‍ ജുനൈദ് ഖാന്റെ ബൗളിങ് കോഹ്‌ലിക്ക് വെല്ലുവിളിയാണ്. ജുനൈദ് ഖാന്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് തവണ കോഹ്‌ലിയെ പുറത്താക്കിയപ്പോള്‍ കോഹ്‌ലിക്ക് നേടാനായത് രണ്ട് റണ്‍സ് മാത്രമാണ്. ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരായ യുവരാജ് സിങിനും എംഎസ് ധോണിക്കും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടേയും കേദാര്‍ ജാദവിന്റേയും വെടിക്കെട്ട് ബാറ്റിങും ഇന്ത്യയുടെ വിജയ സാധ്യതകളെ സജീവമാക്കുന്നു. ബംഗ്ലാദേശിനെതിരായ സെമിയില്‍ ജാദവിന്റെ ബൗളിങ് മികവ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു.നിലവിലെ ടീമില്‍ മാറ്റം വരുത്താതെയാവും ഇന്ത്യ ഫൈനല്‍ മല്‍സരത്തിനും ഇറങ്ങുകയെന്നാണ് റിപോര്‍ട്ടുകള്‍. ബംഗ്ലാദേശിനെതിരായ മല്‍സരത്തിനിടെ രവിചന്ദ്ര അശ്വിന് കൈക്കുഴയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്. ബൗളിങില്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയുടേയും സ്ഥിരയുള്ള ബൗളിങ് പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തില്‍ പാകിസ്താനെ ഇന്ത്യ 124 റണ്‍സിന് തകര്‍ത്തിരുന്നു.ഇന്ത്യയും പാകിസ്താനും തമ്മില്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടുന്നത് ആദ്യമായാണ്. ഏതെങ്കിലുമൊരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നതും 10 വര്‍ഷത്തിന് ശേഷമാണ്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഫൈനലില്‍ കൊമ്പുകോര്‍ത്തത്. അന്ന് പാകിസ്താനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പിന്നീട് ഇതുവരെ ഐസിസി ടൂര്‍ണമെന്റില്‍ പാകിസ്താന് മുന്നില്‍ പരാജയം അറിഞ്ഞിട്ടില്ല.

ബൗളിങാണ് പാക് കരുത്ത്

ചരിത്രത്തിന്റെ കണക്കുകളില്‍ ഇന്ത്യക്ക് മുന്നില്‍ പാകിസ്താന് മേല്‍ക്കൈയില്ലെങ്കിലും ഇത്തവണ പാകിസ്താന്‍ രണ്ടും കല്‍പ്പിച്ചാണ്. ഏത് ടീമിനേയും വിറപ്പിക്കുന്ന ഫാസ്റ്റ് ബൗളിങ് നിരയാണ് പാകിസ്താന്റെ കരുത്ത്. ജുനൈദ് ഖാനും മുഹമ്മദ് അമീറിനുമൊപ്പം ഹസന്‍ അലിയെന്ന പാക് ടീമിന്റെ പുത്തന്‍ കണ്ടുപിടുത്തവും ഇംഗ്ലണ്ട് മൈതാനത്ത് പന്ത് കൊണ്ട് അദ്ഭുതം കാട്ടുന്നു. പാക് ടീമിന്റെ ഫാസ്റ്റ് ബൗൡങ്ങിന് മുന്നില്‍ ദക്ഷിണാഫ്രിക്കയുടേയും ഇംഗ്ലണ്ടിന്റേയും ശ്രീലങ്കയുടേയും ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത് ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്. പാകിസ്താന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റുവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്താണ് ഹസന്‍ അലി ഫൈനലിനിറങ്ങുന്നത്. നാല് മല്‍സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകളാണ് ഹസന്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്. 24 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഹസന്‍ അലിയുടെ മികച്ച ബൗളിങ് പ്രകടനം. ജുനൈദ് ഖാന്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.ബാറ്റിങില്‍ അസര്‍ അലിയും ഫഖര്‍ സമാനും മികച്ച തുടക്കം തന്നെയാണ് പാക് നിരയ്ക്ക് നല്‍കുന്നത്. രണ്ടാം വിക്കറ്റില്‍ ബാബര്‍ അസാമിന്റെ സ്ഥിരതയും പാക് ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. മദ്യനിരയില്‍ പരിചയ സമ്പന്നനായ മുഹമ്മദ് ഹഫീസിന്റേയും ഷുഹൈബ് മാലിക്കിന്റേയും പ്രകടനം പാക് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാവും. പാക് ടീമിലെ നിലവിലെ മുതിര്‍ന്ന താരങ്ങളായ ഇരുവരും ബാറ്റുകൊണ്ടും കരുത്ത് കാട്ടാന്‍ ത്രാണിയുള്ളവരാണ്. ഇന്ത്യക്കെതിരായി കളിച്ച 72 മല്‍സരങ്ങളില്‍ 52 മല്‍സരങ്ങളിലും തോല്‍വി വഴങ്ങിയ കണക്കുകളാണ് പാകിസ്താന് പറയാനുള്ളത്. എങ്കിലും ചാംപ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് പാക് നിര പുറത്തെടുക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ 28 വിക്കറ്റുകളാണ് പാക് ബൗളര്‍മാര്‍ പിഴുതത്. കണക്കുകളെ കാറ്റില്‍ പറത്തി ഇംഗ്ലണ്ട് മൈതാനത്ത് പാക് ബൗളര്‍മാര്‍ കൊടുങ്കാറ്റ് തീര്‍ക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര കടപുഴകുമോ എന്ന് കണ്ട് തന്നെ അറിയണം.

RELATED STORIES

Share it
Top