ഐസിസി ഏകദിന റാങ്കിങ്: രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത്


ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ നേട്ടം. കോഹ് ലിയുടെ അഭാവത്തില്‍ ലങ്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ലങ്കന്‍ പരമ്പരയില്‍ സ്വന്തമാക്കിയ ഇരട്ട സെഞ്ച്വറിയാണ് ഏഴാം സ്ഥാനത്ത് നിന്ന് രോഹിതിനെ അഞ്ചാം സ്ഥാനത്തേക്കുയര്‍ത്തിയത്. ലങ്കന്‍ പരമ്പരയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയുടെ തലപ്പത്ത്.
816 റേറ്റിംഗ് പോയിന്റുകളാണ്  രോഹിതിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിക്ക് 876 പോയിന്റും. 872 പോയിന്റുള്ള ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍ മൂന്നാമതും പാകിസ്താന്റെ ബാബര്‍ അസം നാലാം സ്ഥാനത്തുമുണ്ട്.ശ്രീലങ്കയ്‌ക്കെതിരേ പരമ്പരയിലെ താരമായി തിരഞ്ഞെടുത്ത ശിഖര്‍ ധവാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 14ാം സ്ഥാനത്തേക്കെത്തി.
ബൗളിങില്‍ യുസ്‌വേന്ദ്ര ചാഹല്‍ 23 സ്ഥാനങ്ങള്‍ കുതിച്ച് 28ാം സ്ഥാനത്തെത്തിയപ്പോള്‍ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കുല്‍ദീപ് യാദവ് കരിയറിലെ മികച്ച 56ാം സ്ഥാനവും സ്വന്തമാക്കി.
ടീം റാങ്കിങില്‍ ഇന്ത്യയേക്കാള്‍ (119) ഒരു പോയിന്റ് വ്യത്യാസത്തില്‍ ദക്ഷിണാഫ്രിക്കയാണ് (120) മുന്നിലുള്ളത്. ശ്രീലങ്കയക്കെതിരായ പരമ്പരയിലെ ഒന്നാം മല്‍സരത്തിലെ തോല്‍വിയാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

RELATED STORIES

Share it
Top