ഐലീഗ്: ഗോകുലത്തിന് വീണ്ടും തോല്‍വി
കോഴിക്കോട്: ഐലീഗില്‍  ഹോംഗ്രൗണ്ടില്‍ ഗോകുലം കേരളയ്ക്ക് വീണ്ടും തോല്‍വി. ഇന്നലെ മിനര്‍വ  പഞ്ചാബിനോട് ഒരു ഗോളിനാണ് ഗോകുലം കേരള എഫ്‌സി പരാജയപ്പട്ടത്. പുതുവര്‍ഷത്തിലെ ആദ്യ കളിയിലെ തോല്‍വി ആരാധകരെ നിരാശരാക്കി. കളിയിലുടനീളം ആക്രമിച്ച് കളിച്ചെങ്കിലും ഫിനിഷിങിലെ പിഴവുകളാണ് ഗോകുലത്തിന് തുടര്‍ച്ചയായി വിനയായത്. അധികഅവസരം ലഭിച്ചില്ലെങ്കിലും ലഭിച്ച അവസരങ്ങള്‍ കൃത്യമായി വലയിലെത്തിച്ച് മിനര്‍വ തങ്ങളുടെ വിജയം ഉറപ്പിച്ചു. മുന്‍ കളികളില്‍ പാഠമുള്‍ക്കൊണ്ട് ആദ്യ ഇലവനില്‍ മാറ്റങ്ങളോടെയാണ് ഗോകുലം കേരള ഇന്നലെ കളത്തിലിറങ്ങിയത്. അണ്ടര്‍ 22 താരം കിവി സിമോമിയും നൈജീരിയന്‍ താരം ഒഡേഫയുമാണ് ആക്രമങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയത്. ഗോള്‍ വല കാക്കാന്‍ നിഖില്‍ സി ബെര്‍ണാഡിന് പകരം ബിലാല്‍ ഹുസൈന്‍ഖാനെത്തി. ആദ്യപകുതിയുടെ രണ്ടാംമിനുട്ടില്‍ ഗോകുലത്തിന്റെ കെയ്ദാംവിക്കിയുടെ ക്രോസില്‍ ഒഡേഫയുടെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി. ഗോകുലത്തിന്റെ മുഹമ്മദ് സലേയുടെ ഷോട്ട് ഫ്രീകിക്കും ലക്ഷ്യം കണ്ടില്ല. പിന്നീട് ഇടത് വിങ്ങിലൂടെ മുന്നേറിയ മിനര്‍വന്‍ താരം ഭൂട്ടാന്റെ റൊണാള്‍ഡോ എന്ന് വിളിപ്പേരുള്ള ചെഞ്ചോയുടെ ക്രോസില്‍ സഹതാരം ബാലിഗംഗന്‍ദീപ് പന്ത് ഗോകുലത്തിന്റെ
വലയിലെത്തിച്ചു. ഗോള്‍വീണതോടെ ആവേശം വീണ്ടെടുത്ത മിനവയുടെ താരങ്ങള്‍ തുടരാക്രമങ്ങള്‍ നടത്തി. മിനര്‍വയുടെ നീക്കം ഗോകുലത്തിന്റെ പകരക്കാരന്‍ ഗോളി ബിലാല്‍ അഡ്വാന്‍സ് ചെയ്യുന്നതിനിടെ കൈവിട്ട് പോയ ഷോട്ട് മിനര്‍വ താരം വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. രണ്ടാംപകുതിയില്‍ ഗോകുലത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടാംപകുതിയില്‍ കിവിക്ക് പകരം മലയാളി താരം ഉസ്മാന്‍ ആഷിക്ക് കളത്തിലിറങ്ങിയെങ്കിലും വേണ്ടത്ര മുന്നേറ്റം നടത്താനായില്ല. തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിയ ഗോകുലത്തിന്റെ കളികാണാന്‍ കാണികളും കുറവായിരുന്നു. വൈകീട്ടായിട്ടും ആയിരത്തോളം കാണികള്‍ മാത്രമെ എത്തിയുള്ളൂ. 12 ന് 5.30ന് ഇന്ത്യന്‍ ആരോസുമായാണ് ഗോകുലത്തിന്റെ അടുത്ത മല്‍സരം.

RELATED STORIES

Share it
Top