ഐബി ഡയറക്ടര്‍ തലസ്ഥാനത്ത്; ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഹര്‍ത്താലിനു പിന്നില്‍ മതതീവ്രവാദികളാണെന്ന പ്രചാരണം സര്‍ക്കാരും പോലിസും നടത്തുന്നതിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജയിന്‍ കേരളത്തിലെത്തി. പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി ഇന്നലെ അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകീട്ട് ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ക്രമസമാധാനനിലയെക്കുറിച്ചുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഐബി വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ഡയറക്ടര്‍ കേരളത്തിലെത്തിയതെന്നാണ് ഔേദ്യാഗിക വിശദീകരണം.
സമൂഹമാധ്യമങ്ങളിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതിനു പിന്നില്‍ വര്‍ഗീയ ശക്തികളാണെന്നും കലാപമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കുപ്രചാരണം നടന്നതോടെയാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായതെന്നാണ് അറിയുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഐബി ഡയറക്ടര്‍ രാജ്ഭവനിലെത്തിയത്. രാജ്ഭവനിലാണ് അദ്ദേഹത്തിനു താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലുടനീളം ആയിരക്കണക്കിനു യുവാക്കള്‍ പ്രതിഷേധ പ്രകടനങ്ങളിലും കടയടപ്പിക്കലിലും പങ്കെടുത്തിരുന്നു. സിപിഎം അടക്കമുള്ള പാര്‍ട്ടികളിലെ നിരവധി യുവാക്കളും ഹര്‍ത്താലില്‍ പങ്കെടുത്തതിന് അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, വര്‍ഗീയ കലാപമായിരുന്നു ഹര്‍ത്താലിനു പിന്നിലുണ്ടായിരുന്ന ലക്ഷ്യമെന്നും എസ്ഡിപിഐ ആണ് ഹര്‍ത്താലിനു പിന്നിലെന്നുമുള്ള വ്യാജപ്രചാരണം  അഴിച്ചുവിട്ടതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യാര്‍ഥം ഐബി ഡയറക്ടര്‍ കേരളത്തില്‍ എത്തിയത്.

RELATED STORIES

Share it
Top