ഐപിഎല്‍ : സ്‌റ്റോക്‌സിനു മുന്നില്‍ വിരണ്ടോടി ഗുജറാത്ത്പൂനെ: മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സെഞ്ച്വറിയുമായി ബെന്‍ സ്റ്റോക്‌സ് താണ്ഡവമാടിയപ്പോള്‍ ഗുജറാത്ത് സിംഹങ്ങള്‍ വിരണ്ടോടി. സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ അഞ്ചു വിക്കറ്റിനാണ് പൂനെ ജയം നേടിയത്. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത പൂനെയ്‌ക്കെതിരേ 162 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് സമ്മാനിച്ചത്. ഓപണര്‍മാരായ ഇഷാന്‍ കിഷന്‍ (31), ബ്രണ്ടന്‍ മക്കല്ലം (45) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. എന്നാല്‍, മധ്യനിര പാടെ തകര്‍ന്നടിഞ്ഞതോടെ ഗുജറാത്ത് സ്‌കോര്‍ബോര്‍ഡ് 161ല്‍ അവസാനിച്ചു. ഒരു പന്ത് ബാക്കിനില്‍ക്കെ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെട്ട ഗുജറാത്ത് നിരയില്‍ ദിനേഷ് കാര്‍ത്തിക് (29), രവീന്ദ്ര ജഡേജ (19) എന്നിവര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൂനെയ്ക്ക് വേണ്ടി ഉനദ്ഗട്ടും ഇമ്രാന്‍ താഹിറും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ പൂനെയ്ക്ക് തുടക്കം തന്നെ അടിതെറ്റി. അജിന്‍ക്യ രഹാനെ (4), രാഹുല്‍ ത്രിപദി (6), സ്മിത്ത് (4), മനോജ് തിവാരി എന്നിവര്‍ രണ്ടക്കം പോലും കാണാതെ പത്തി മടക്കിയപ്പോള്‍ അഞ്ചാമനായി എത്തിയ ബെന്‍ സ്‌റ്റോക്‌സ് തകര്‍ത്താടി. 63 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സുമായി പുറത്താവാതെ 103 റണ്‍സാണ് സ്റ്റോക്‌സ് സ്വന്തമാക്കിയത്. സ്‌റ്റോക്‌സിനൊപ്പം ചേര്‍ന്ന് ധോണിയും (26), ഡാനിയേല്‍ ക്രിസ്റ്റിയനും (17*) തിളങ്ങിയതോടെ ഒരു പന്ത് ബാക്കിനില്‍ക്കെ പൂനെ വിജയ ലക്ഷ്യം കടന്നു. ഗുജറാത്തിനു വേണ്ടി ബേസില്‍ തമ്പിയും പ്രദീപ് സങ്‌വാനും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

RELATED STORIES

Share it
Top