ഐപിഎല്‍ : വീണ്ടും നാണംകെട്ട് ബംഗളൂരുമുംബൈ: കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ വീണ്ടും രാജാക്കന്മാരായപ്പോള്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നാണംകെട്ട് മടങ്ങി. ലോകോത്തര ബാറ്റിങ് നിരയെ അണിനിരത്തിയിട്ടു പോലും പത്താംസീസണ്‍ ഐപിഎല്ലില്‍ ബംഗളൂരു പ്ലേഓഫ് കാണാതെ മടങ്ങുന്നു. അഞ്ച്  വിക്കറ്റിനാണ് മുംബൈ വിജയം പിടിച്ചടക്കിയത്. ആദ്യ ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് മുംബൈ വിജയം കൈപ്പിടിയിലൊതുക്കി. അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന രോഹിത് ശര്‍മയാണ്(56*) മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുകളുമായി മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ബംഗളൂരുവിന് മന്ദീപ് സിങും(17) വിരാട് കോഹ്‌ലിയും (20) ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മധ്യനിരയെ എറിഞ്ഞൊതുക്കി മുംബൈ ബംഗളൂരുവിനെ പിടിച്ചുനിര്‍ത്തി. എബി ഡിവില്ലിയേഴ്‌സ് (43), കേദാര്‍ യാദവ്(28), പവന്‍ നേഗി(35) എന്നിവരുടെ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ബംഗളൂരു 162 എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. മുംബൈയ്ക്ക് വേണ്ടി മിച്ചല്‍ മഗ്ലെങ്ങന്‍ മൂന്ന് വിക്കറ്റു വീഴ്ത്തിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും സ്വന്തമാക്കി. 163 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ മുംബൈയ്ക്ക് അക്കൗണ്ട് തുറക്കും മുമ്പേ പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ജോസ് ബട്‌ലറും(33) നിധീഷ് റാണയും(27) ചേര്‍ന്ന് മുംബൈക്ക്് അടിത്തറയേകി. 37 പന്തില്‍  56 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ മിന്നും പ്രകടനം മുംബൈയെ വിജയ തീരത്തേക്കെത്തിക്കുകയായിരുന്നു. രോഹിത് ശര്‍മയാണ് കളിയിലെ താരം.

RELATED STORIES

Share it
Top