ഐപിഎല്‍ മാതൃകയില്‍ വള്ളംകളി: മൂലം ജലോല്‍സവത്തിന് അയിത്തം

എ എം നിസാര്‍

വീയപുരം: ഐപില്‍ മാതൃകയിലുള്ള വള്ളം കളികളുടെപട്ടികയില്‍ നിന്നും മൂലം വള്ളംകളി തഴയപെടുന്നു. ഇനിപ്രമുഖ വള്ളംകളികള്‍ ഐപിഎല്‍ മാതൃകയില്‍ നടത്താന്‍ തീരുമാനിക്കുകയും അതിനായി 15കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തപ്പോള്‍ മൂലം വള്ളംകളിക്ക് അതില്‍നിന്ന് ഒരു ചില്ലിക്കാശുപോലും വകയിരുത്താതെ തഴയപ്പെട്ടിരിക്കുന്നു. മൂലംവള്ളം കളി ആചാരപരമാണെന്ന കാരണം പറഞ്ഞാണ്തഴയപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്.
മാത്രമല്ല സാംസ്‌കാരികവകുപ്പിന്റെയോ ടൂറിസത്തിന്റെയോ ഒരാനുകൂല്യവും മൂലം വള്ളംകളിക്ക് ലഭിക്കില്ല. മത്സര പ്രാധാന്യമുള്ള നെഹ്‌റുട്രോഫിയെ മാത്രം ഉയര്‍ത്തി കൊണ്ടുവരുന്നതിനുള്ള ശ്രമം ആണ് മൂലം വള്ളംകളിക്കു കനത്ത തിരിച്ചടിയായിരുന്നത്.നൂറ്റാണ്ടുകളുടെ പഴക്കമുള്ള മൂലക്കാഴ്ചയുടെ പുരാവൃത്തം അവഗണിക്കുമ്പോള്‍ അത് മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും വന്നു പെടുന്ന അശ്രദ്ധ കൂടിയായി മാറുകയാണ്. അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് മൂലം വള്ളം കളിയുടെ അടിസ്ഥാനം.
കുറിച്ചി കരിങ്കുളം ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന ശ്രീകൃഷ്ണ വിഗ്രഹം കുട്ടനാട്ടിലെ ക്രിസ്ത്യന്‍ തറവാടായ മാപ്പിളശ്ശേരില്‍ തറവാട്ടില്‍ ഇറക്കിവെച്ചെന്ന ഐതീഹ്യത്തിന്റെ പെരുമയാണ് മതസാഹോദര്യം ഉദ്‌ഘോഷിക്കുന്നത്. ഇന്നും മാപ്പിളശ്ശേരിയിലെ അറയില്‍ ഇക്കാര്യത്തിന്റെ സ്മരണക്കായി കെടാവിളക്കു കത്തുകയാണ്. മിഥുന മാസത്തില്‍ മൂലം വള്ളംകളി ദിവസം അമ്പലപ്പുഴ ക്ഷേത്ര അധികാരികള്‍ മാപ്പിളശ്ശേരി തറവാട്ടില്‍ എത്തിയശേഷമാണ് വള്ളം കളി ആരംഭിക്കുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള ഈ ജലോത്സവത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നാണ് ജലോത്സവ പ്രേമികളുടെഅഭിപ്രായം.
ഇതുവരെ മൂലം ജലോല്‍സവത്തിന് ഒരു പവലിയന്‍ നിര്‍മ്മിച്ചിട്ടില്ല. എംപി മാര്‍ കോടിക്കണക്കിനു രൂപ ഇതിനായിഅനുവദിച്ചെങ്കിലും സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് സ്ഥലം തിട്ടപ്പെടുത്തി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തുക ലാപ്‌സാകുകയാണുണ്ടായത്.ആലപ്പുഴ ആര്‍ഡിഒ ചെയര്‍മാനും, കുട്ടനാട് തഹസീല്‍ദാര്‍ ജനറല്‍കണ്‍വീനറുമായി ജനകീയ കമ്മിറ്റിക്കാണ് വള്ളംകളി ചുമതല.
സ്ഥിരമായ സര്‍ക്കാര്‍ അവഗണന മൂലം ജനപ്രതിനിധികളും,രാഷ്ട്രീയക്കാരും,പൊതുപ്രവര്‍ത്തകരും വള്ളംകളിക്കമ്മിറ്റി വിളിച്ചാല്‍ പോലുംപങ്കെടുക്കാറില്ല.തഹസീല്‍ദാരും വില്ലേജ് ഓഫീസര്‍മാരും ഓഫീസ് മുഖേന ടിക്കറ്റ് പിരിവ് നടത്തിയാണ് വള്ളം കളിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍നടത്തുന്നത്.

RELATED STORIES

Share it
Top