ഐപിഎല്ലില്‍ ആരൊക്കെ, എവിടയൊക്കെ? കാത്തിരിപ്പിന് ഇനി ഒരു നാള്‍ ദൂരം
ബംഗളൂരു: ഐപിഎല്ലിന്റെ 11ാം സീസണിന് മുന്നോടിയായുള്ള താരലേലത്തിന് നാളെ തുടക്കം. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന താരലേലത്തില്‍ 578 താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശതാരങ്ങളുമാണുള്ളത്. 36 കളികാര്‍ക്കാണ് ലേലത്തിലെ ഏറ്റവും കൂടിയ അടിസ്ഥാന വിലയായ രണ്ട് കോടിരൂപയുള്ളത്. 13 ഇന്ത്യന്‍ താരങ്ങളും 23 വിദേശ താരങ്ങളും അടങ്ങുന്ന രണ്ട് കോടി രൂപ പട്ടികയില്‍ അഫ്ഗാനിസ്താന്‍ യുവ താരം റാഷിദ് ഖാനും ഇടം പിടിച്ചു. രണ്ട് കോടിക്കാരുടെ പട്ടികയില്‍ ഗൗതം ഗംഭീര്‍, രവിചന്ദ്ര അശ്വിന്‍, കെഎല്‍ രാഹുല്‍, അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ ബ്രാവോ, ഗെയില്‍, പൊള്ളാര്‍ഡ്, ഡി കോക്ക്, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരും ഇടം പിടിച്ചു. ശിഖര്‍ ധവാന്‍, ദിനേഷ് കാര്‍ത്തിക്ക്, മുരളി വിജയ്, അജിന്‍ക്യ രഹാനെ, യുവരാജ് സിങ്്, കരണ്‍ ശര്‍മ്മ, റോബിന്‍ ഉത്തപ്പ, സ്‌റ്റോയിനിസ്, മാക്‌സ്‌വെല്‍, ബ്രണ്ടന്‍ മക്കല്ലം, ഏഞ്ചലോ മാത്യൂസ്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരും രണ്ട് കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. അതേ സമയം മലയാളി താരം സഞ്ജു സാംസണ്‍ ഒരു കോടിക്കാരുടെ പട്ടികയിലാണ് ഇടം നേടിയത്. മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിക്ക് 30 ലക്ഷവും രാഹുല്‍ ത്രിപാതിക്ക് 20 ലക്ഷം രൂപയുമാണ് അടിസ്ഥാനവില. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഇരുവര്‍ക്കും  ലേലത്തില്‍ നിന്ന് ഉയര്‍ന്ന തുക ലഭിക്കാനാണ് സാധ്യത. മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആയിരുന്ന ക്രുണാല്‍ പാണ്ഡ്യയ്ക്ക് 40 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്്ചയിച്ചിരിക്കുന്നത്.രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തുന്നു എന്നുള്ളതാണ് ഈ സീസണിന്റെ പ്രധാന ആകര്‍ഷണം. ചെന്നൈ സൂപ്പര്‍ കിങ്‌സ് എംഎസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയത് സ്റ്റീവ് സ്മിത്തിനെ മാത്രമാണ്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ എന്നീ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, സര്‍ഫറാസ് ഖാന്‍ എന്നിവരേയും നിലനിര്‍ത്തി. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് റിഷഭ് പാന്ത്, ശ്രേയസ് അയ്യര്‍, ക്രിസ് മോറിസ് എന്നിവരെയാണ് നിലനിര്‍ത്തിയത്. പഞ്ചാബ് അക്ഷര്‍ പട്ടേലിനെയും കൊല്‍ക്കത്ത സുനില്‍ നരേയ്‌നേയും ആന്ദ്ര റസലിനേയും നിലനിര്‍ത്തി.

RELATED STORIES

Share it
Top