ഐജി എസ് ശ്രീജിത്തിനെതിരേ ആരോപണവുമായി ബന്ധുക്കള്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐജി എസ് ശ്രീജിത്തിനെതിരേ ആരോപണവുമായി മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കള്‍ രംഗത്ത്. ഐജി ശ്രീജിത്ത് ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖിലയും മാതാവ് ശ്യാമളയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശ്രീജിത്തും എ വി ജോര്‍ജും ഒരുമിച്ച് സംസാരിച്ചിരിക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ ആരോപണം. ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നും ഇതുമൂലമാണ് എ വി ജോര്‍ജിനെ കേസില്‍ വേണ്ടവിധം ഐജി ചോദ്യം ചെയ്യാത്തതെന്നും ഇവര്‍ ആരോപിച്ചു. എ വി ജോര്‍ജിനെ ഐജി സംരക്ഷിക്കുകയാണ്. ഇരുവരും തമ്മിലുള്ള അടുപ്പം  ഐജി  ശ്രീജിത്തിന്റെ ചലച്ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ എ വി ജോര്‍ജ് നേരത്തെ പങ്കെടുത്തതിന്റെ ഫോട്ടോയില്‍ നിന്നും വ്യക്തമാണെന്നും ഇവര്‍ പറഞ്ഞു.
തങ്ങള്‍ക്ക് അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. കേസില്‍ സിബി ഐ അന്വേഷണം അനിവാര്യമാണെന്നും ഇവര്‍ പറഞ്ഞു. വര്‍ഷങ്ങളായി എ വി ജോര്‍ജും ശ്രീജിത്തും തമ്മില്‍ അടുത്ത ബന്ധമുള്ളവാരണെന്നുള്ളതിന്റെ തെളിവ് തങ്ങള്‍ക്ക് ലഭിച്ചുവെന്ന് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. എ വി ജോര്‍ജിനെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമളയും പറഞ്ഞു. അതിനിടയില്‍ വരാപ്പുഴയില്‍ ദേവസ്വം പാടം സ്വദേശി വാസുദേവന്റെ വീടാക്രമണ കേസില്‍ കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയ മൂന്നു പ്രതികളെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു.
വരാപ്പുഴ സ്വദേശികളായ വിപിന്‍ (28),  കെ ബി അജിത് (25), ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് എന്നു വിളിക്കുന്ന തുളസിദാസ് (23) എന്നിവരെയാണ് കോടതി ഈ മാസം 11 വരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.  പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കാനും ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് മൂന്ന് പേരെയും കസ്റ്റഡിയില്‍ നല്‍കിയത്. വാസുദേവന്റെ വീടാക്രമിക്കുകയും ഇതേത്തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടയിലാണ് വീടാക്രമണവുമായി ബന്ധപ്പെട്ട് പീന്നീട് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച ശ്രീജിത്ത്, സഹോദരന്‍ സജിത് എന്നിവരടക്കം 10 പേരെ പോലിസ് അറസ്റ്റു ചെയ്തത്.

RELATED STORIES

Share it
Top