ഐങ്കൊമ്പ് ബസ് ദുരന്തത്തിന് 20 വര്‍ഷം പിന്നിടുന്നു

കത്തിയമര്‍ന്നത് 22 പേര്‍; ഓര്‍മകളുണര്‍ത്തി ആഭരണങ്ങളുംപാലാ: സംസ്ഥാനത്തെ നടുക്കിയ ബസ് അപകടത്തിന് 20 വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാവുന്നു. അപകടത്തില്‍ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ആയ 100 ഗ്രാമോളം സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ ഉടമകളെത്താതെ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാനുള്ള നടപടികളും പൂര്‍ത്തിയാവുകയാണ്.1998 ഒക്‌ടോബര്‍ 23നാണ് സംസ്ഥാനത്തെ തന്നെ വലിയ ബസ് അപകടങ്ങളില്‍ ഒന്നായ ഐങ്കൊമ്പ് ബസ് ദുരന്തം സംഭവിക്കുന്നത്. പാലായില്‍ നിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയ്ക്ക് പോയ പ്രശാന്ത് ബസ് ഐങ്കൊമ്പ് അഞ്ചാം മൈലിനു സമീപം അപകടത്തില്‍പെടുകയായിരുന്നു. റോഡിനു സമീപമുള്ള തിട്ടയിലിടിച്ച് മറിഞ്ഞ ബസ്സിനു പെട്ടെന്നു തീപിടിക്കുകയായിരുന്നു. വാതിലുകള്‍ ഉള്‍പ്പെടുന്ന വശം റോഡിനടയിലായതിനാല്‍ പലര്‍ക്കും പുറത്തുകടക്കാനായില്ല. മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകള്‍ തകര്‍ത്ത് കുറച്ചുപേര്‍ പുറത്തേക്കു രക്ഷപെട്ടപ്പോഴേക്കും ഒരു നിമിഷം കൊണ്ട് ബസ് അഗ്നിക്കിരയാവുകയായിരുന്നു. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 22 പേരാണ് അന്നത്തെ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരു ഡസനോളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയും തേടിയിരുന്നു. മൃതദേഹങ്ങള്‍ പലതും ദിവസങ്ങളെടുത്താണ് തിരിച്ചറിഞ്ഞത്. അന്നോളമുള്ള കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബസ് ദുരന്തമായാണ് ഐങ്കൊമ്പ് അപകടം അറിയുന്നത്. സമീപവാസികളുടെയും ബന്ധുക്കളുടെയും മനസ്സില്‍ മായാത്ത മുറിപ്പാടായി ബസ് ദുരന്തത്തിന്റെ ഒര്‍മകള്‍ ഇന്നും അവശേഷിക്കുന്നു. ദുരന്തകാരണങ്ങളെ കുറിച്ചും മറ്റും പിന്നീട് വിശദമായ അന്വേഷണങ്ങളും നിയമ നടപടികളും ഉണ്ടായി. 15 വര്‍ഷക്കാലത്തോളം കേസുകളും മറ്റും യഥാക്രമം നടന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും, പരുക്കേറ്റവര്‍ക്കും സര്‍ക്കാര്‍ സഹായങ്ങളും നഷ്ടപരിഹാരങ്ങളും ഭൂരിഭാഗവും വിതരണം ചെയ്തുകഴിഞ്ഞു. അപകടത്തില്‍ മറ്റ് കേസുകള്‍ക്ക് തീര്‍പ്പ് കല്‍പിച്ചെങ്കിലും മരിച്ചവരുടെ സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും തിരികെ കൈപ്പറ്റാന്‍ ഇതുവരെ ഉടമകളാരും എത്താത്തതിനെ തുടര്‍ന്ന് ഈ വസ്തുക്കള്‍ സര്‍ക്കാരിലേക്ക് മുതല്‍കൂട്ടാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുകയാണ്. 100 ഗ്രാമിനു മുകളില്‍ സ്വര്‍ണവും നാലിരട്ടിയോളം വെള്ളി ആഭരണങ്ങളുടെ ഉരുപ്പടികളുമാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹത്തില്‍ ഒട്ടിപ്പിടിച്ചിരുന്ന സ്വര്‍ണങ്ങള്‍ നേരത്തെ ചില ബന്ധുക്കള്‍ തിരികെവാങ്ങിയിരുന്നു. അവശേഷിക്കുന്നവ കോടതിയില്‍ നിന്ന് നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും കൈപ്പറ്റുവാന്‍ ഉടമകളെത്തിയിട്ടില്ല. എന്നാല്‍ ഉരുപ്പടികള്‍ അഗ്നിയില്‍ ഉരുകിയൊലിച്ച അവസ്ഥയിലാണ്. പലതും തിരിച്ചറിയാന്‍ പോലുമാവാത്ത അവസ്ഥയിലുമാണ്. തിരിച്ചറിയാനാവാത്ത ആഭരണങ്ങളില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയാത്തതോ മനസ്സിനേറ്റ മുറിവ് ഇനിയും ഉണങ്ങാത്തതോ ആവാം ഉരുപ്പടികള്‍ തിരികെ വാങ്ങാന്‍ ആരുമെത്താത്തതിന് കാരണം.

RELATED STORIES

Share it
Top