ഐക്യമുറപ്പിച്ച് പന്തല്ലൂര്‍ മുടിക്കോട് പള്ളിയില്‍ ജുമുഅ

മഞ്ചേരി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പന്തല്ലൂര്‍ മുടിക്കോട് മദാരിജുല്‍ ഇസ്്‌ലാം സംഘം ജുമാ മസ്ജിദില്‍ ജുമുഅ പുനരാരംഭിച്ചു. മഹല്ല് നിവാസികള്‍ക്കൊപ്പം ഇരു വിഭാഗം സുന്നികളേയും പ്രതിനിധീകരിച്ച് ഉമര്‍ ഫൈസി മുക്കം, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മധ്യസ്ഥ സമിതി കണ്‍വീനര്‍ ഡോ. ഇ എന്‍ അബ്ദുലത്തീഫ് എന്നിവരും നമസ്‌ക്കാരത്തില്‍ പങ്കെടുത്തു.
നാടിന്റെ സ്‌നേഹവും ഐക്യവും നിലനിര്‍ത്താന്‍ വിശ്വാസികള്‍ ഒരുമയോടെ വര്‍ത്തിക്കണമെന്നു നേതാക്കള്‍ സംയുക്തമായി നടത്തിയ ഉദ്‌ബോധന പ്രസംഗത്തില്‍ പറഞ്ഞു. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട് നമസ്‌ക്കാരത്തിനു നേതൃത്വം നല്‍കി.  വ്യാഴാഴ്ച തുറന്ന പള്ളിയില്‍ അഡ്‌ഹോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ജുമുഅക്ക് ഏറെ മുമ്പുതന്നെ വിശ്വാസികള്‍ സൗഹൃദം പങ്കിട്ട് പള്ളിയങ്കണത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. നമസ്‌ക്കാര ശേഷം തര്‍ക്കങ്ങള്‍ക്ക് ആരാധനാലയം വേദിയാക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ പരസ്പരം ആശ്ലേഷിച്ച് സൗഹൃദാന്തരീക്ഷത്തിലാണ് ഇരുവിഭാഗത്തിലുള്ളവരും മടങ്ങിയത്. ഇരുവിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2017 ആഗസ്ത്് നാലിന് അടച്ചു പൂട്ടിയ മുടിക്കോട് മദാരിജുല്‍ ഇസ്്‌ലാം സംഘത്തിനു കീഴിലുള്ള ജുമാ മസ്ജിദ് ഏഴു മാസങ്ങള്‍ക്കു ശേഷമാണു തുറക്കുന്നത്. സുന്നി ഐക്യ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ മുടിക്കോട് പള്ളി തുറന്നത് നിര്‍ണായക വഴിത്തിരിവായാണു വിലയിരുത്തുന്നത്. ഹൈക്കോടതിയുടെ ഇടപെടലാണു പള്ളി തുറക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരുന്നത്. മുടിക്കോട് മദാരി മേല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജി തര്‍ക്കത്തെ തുടര്‍ന്ന് ആരാധനാലയം അടച്ചിട്ടതു ഹൈക്കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരികയായിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നത്തില്‍ നാട്ടുമധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 11നും 18നും മലപ്പുറം റസ്റ്റ് ഹൗസില്‍ നടന്ന സമവായ ചര്‍ച്ചകളാണു ഫലം കണ്ടത്.

RELATED STORIES

Share it
Top