ഐഎസ് റിക്രൂട്ട്‌മെന്റ്: ഗള്‍ഫ് കേന്ദ്രീകരിച്ച് വന്‍തോതില്‍ പണപ്പിരിവ് നടന്നതായി പോലിസ്

കണ്ണൂര്‍: ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ സാമ്പത്തിക സമാഹരണം നടന്നതായി പോലിസ്. ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചതായും വിവരങ്ങള്‍ ഉടന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറുമെന്നും അന്വേഷണ സംഘത്തലവനായ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐഎസ് ബന്ധമാരോപിച്ച് കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിപ്രകാരം ദുബയില്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിലാണ് ഫണ്ട് ശേഖരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ദുബയിലുള്ള പാപ്പിനിശ്ശേരി സ്വദേശി തസ്‌ലീമാണ് ഫണ്ട് പിരിവിനു നേതൃത്വം നല്‍കിയ ഇടനിലക്കാരില്‍ പ്രധാനി. നാട്ടില്‍ പള്ളി നിര്‍മാണത്തിനെന്ന പേരിലാണ് പണം സമാഹരിച്ചത്. ഐഎസ് ക്യാംപിലുള്ളവരും നാടുവിട്ടവരുമായ കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തസ്‌ലീം അക്കൗണ്ട് വഴി പണം നല്‍കി. ഐഎസ് കേസുമായി ബന്ധപ്പെട്ട് ഈയിടെ അറസ്റ്റിലായ മുണ്ടേരി സ്വദേശി മിദ്‌ലാജിന്റെ അക്കൗണ്ടിലേക്ക് 40,000 രൂപയും നേരത്തേ ഡല്‍ഹിയില്‍ പിടിയിലായ കാഞ്ഞിരോട് സ്വദേശി ഷാജഹാന് ഒരുലക്ഷം രൂപയും തസ്‌ലീം കൈമാറിയിട്ടുണ്ട്. ഷാജഹാന്റെ മാതാവില്‍നിന്ന് മിദ്‌ലാജ് ഒരുലക്ഷം രൂപ കൈപ്പറ്റിയതായും അന്വേഷണത്തില്‍ ബോധ്യമായി. തൊട്ടടുത്ത ദിവസം ഈ തുക ഗള്‍ഫില്‍നിന്ന് സിറിയയിലേക്ക് കടന്നവര്‍ക്ക് കൈമാറിയതായി അറസ്റ്റിലായവര്‍ മൊഴിനല്‍കിയിട്ടുണ്ട്്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തസ്്‌ലീമിന് ഇത്തരത്തില്‍ പണം നല്‍കി സഹായിക്കാനുള്ള ശേഷിയില്ലെന്ന നിഗമനത്തിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഷാജഹാന്റെ സഹോദരന്റെ സ്ഥാപനത്തിലായിരുന്നു തസ്്‌ലീമിനു ജോലി. റോളയില്‍ ഷോപ്പിങ് കോംപ്ലക്‌സിലെ വാച്ച് കടയില്‍വച്ചാണ് ഈ തുക റിക്രൂട്ട്‌മെന്റ് അംഗങ്ങള്‍ക്കു കൈമാറിയത്. നാട്ടിലെ പള്ളിയുടെ പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയതിനു ഖോര്‍ഫുഖാന്‍ പോലിസ് സ്‌റ്റേഷനില്‍ തസ്്‌ലീമിനെതിരേ കേസുണ്ട്. നാട്ടിലെത്തി സന്ദര്‍ശക വിസയില്‍ ദുബയിലേക്ക് പോയ ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

RELATED STORIES

Share it
Top