ഐഎസ് ബന്ധം; ചെങ്കോട്ടയ്ക്കടുത്ത് രണ്ടു കശ്മീരികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ട് പേരെ ചെങ്കോട്ടയ്ക്കടുത്തു വച്ച് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ജമ്മുകശ്മീരിലെ ഷോപിയാന്‍ സ്വദേശികളായ പര്‍വേസ് (24), ജംഷിദ് (19) എന്നിവരാണ് അറസ്റ്റിലായത്. ചെങ്കോട്ടയ്ക്കടുത്ത ജുമാമസ്ജിദ് ബസ്‌സ്റ്റോപ്പില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ പി എസ് കുശവാഹ അറിയിച്ചു. ഇവര്‍ ജമ്മുകശ്മീരിലേക്കുള്ള ബസ് കാത്തിരിക്കുകയായിരുന്നു. പര്‍വേസിന്റെ സഹോദരന്‍ ഈ വര്‍ഷം ജനുവരി 26ന് ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഗജ്‌രോളയില്‍ എംടെക് വിദ്യാര്‍ഥിയാണ് പര്‍വേസ്. ജംഷിദ് അവസാന വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണ്. രണ്ടു പിസ്റ്റളുകളും നാലു സെല്‍ഫോണുകളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. ദേശീയ തലസ്ഥാനത്ത് സായുധപ്രവര്‍ത്തനം നടത്താന്‍ ഇവര്‍ക്കു പദ്ധതിയില്ലായിരുന്നുവെന്നും താല്‍ക്കാലിക ഇടമെന്ന നിലയിലാണ് ഇവര്‍ ഡല്‍ഹിയെ ഉപയോഗിച്ചിരുന്നതെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top