ഐഎസ് പരാജയ ശേഷം ഇറാഖില്‍ ആദ്യ തിരഞ്ഞെടുപ്പ്

ബഗ്ദാദ്: ഐഎസ് സായുധസംഘത്തെ പരാജയപ്പെടുത്തിയ ശേഷം ഇറാഖില്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതി. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയായിരുന്നു വോട്ടെടുപ്പ്. ആദ്യമണിക്കൂറുകളില്‍ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നുവെന്നാണ് റിപോര്‍ട്ട്.
നാലുവര്‍ഷത്തേക്കാണ് പാര്‍ലമെന്റംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഇറാഖില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യതിരഞ്ഞെടുപ്പു കൂടിയാണിത്. തിരഞ്ഞെടുപ്പ് അവസാനിച്ച് 48 മണിക്കൂറിനകം ഫലം പ്രഖ്യാപിക്കും. 329 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 87 പാര്‍ട്ടികളില്‍ നിന്നായി 6990 സ്ഥാനാര്‍ഥികളാണു മല്‍സരിച്ചത്. 25 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കു സംവരണം ചെയ്തവയാണ്. ന്യൂനപക്ഷത്തിന് ഒമ്പതു സീറ്റുകളും നീക്കിവച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഹൈദര്‍ അല്‍ അബാദി സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അഴിമതി, ദാരിദ്ര്യം, ദേശീയ സുരക്ഷ, രാജ്യത്തെ ഇറാന്‍ സ്വാധീനം, മേഖയിലെ യുഎസ് സൈന്യത്തിന്റെ സാന്നിധ്യം എന്നിവയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങള്‍.
സുന്നികളുടെ രണ്ടും കുര്‍ദുകളുടെ നാലും ശിയാക്കളുടെ അഞ്ചും സഖ്യങ്ങളാണ് മല്‍സര രംഗത്തുള്ളത്. ശിയാ സഖ്യങ്ങളായ ഹൈദര്‍ അബാദിയുടെ നേതൃത്വത്തിലുള്ള നസ്ര്‍ സഖ്യം, അദ്ദേഹത്തിന്റെ മുന്‍ഗാമി നൂരി അല്‍മാലികിയുടെ ദവാത് അല്‍ ഖനൂന്‍ എന്നിവയാണ് പ്രചാരണത്തില്‍ മുന്നിട്ടു നിന്നത്. അമര്‍ അല്‍ ഹകീമിന്റെ ഹിക്മ, മുഖ്തദ അല്‍ സദ്‌റിന്റെ അല്‍ സൈറൂന്‍ എന്നീ സഖ്യങ്ങളും ശിയാക്കളുടെതായി രംഗത്തുണ്ട്.
165 സീറ്റുകള്‍ നേടിയാലേ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ കേവല ഭൂരിപക്ഷമാവുകയുള്ളൂ. എന്നാല്‍, നിലവിലെ അവസ്ഥയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണു വിലയിരുത്തല്‍.

RELATED STORIES

Share it
Top