ഐഎസ് പതാക: ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ദിസ്പൂര്‍: അസമില്‍ നല്‍ബാരി ജില്ലയിലെ ബെല്‍സോറില്‍ ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക കെട്ടിയ സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കൈഹാത്തിയിലെ തപന്‍ ബര്‍മന്‍, ബെല്‍സോര്‍ സ്വദേശികളായ ദ്വിപ്‌ജ്യോതി തക്കുരിയ, സൊറൊജ്യോതി ബൈശ്യ, പുലക് ബര്‍മന്‍, ചാമട്ടയിലെ മുജമില്‍ അലി, ബറുവാകൂറിലെ മൂണ്‍ അലി എന്നിവരാണു പിടിയിലായത്.
മെയ് 3നാണ് ഗ്രാമത്തില്‍ ഐഎസില്‍ ചേരുക, ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസുലുല്ല എന്നിങ്ങനെ എഴുതിയ പതാക മരത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നത്. ബെല്‍സോര്‍ പോലിസെത്തി പതാക നീക്കം ചെയ്യുകയായിരുന്നു. പിന്നീട് ഗോള്‍പാറയിലും സമാനതരത്തില്‍ പതാക കണ്ടെത്തിയിരുന്നു. പ്രദേശത്ത് സാമുദായിക സംഘര്‍ഷത്തിനുള്ള നീക്കം നടക്കുന്നതായി മനസ്സിലാക്കിയ പോലിസ് സൂക്ഷ്മ നിരീക്ഷണം നടത്തിവരുകയായിരുന്നു.
സമാനമായി മെയ് 2ന് ഐഎസ്‌ഐഎസ് എന്‍ഇ എന്നെഴുതിയ ആറു പതാകകള്‍ ഗോല്‍പാറയില്‍ കണ്ടെത്തിയിരുന്നു. പൗരത്വ(ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിനിധികളുടെ അഭിപ്രായം കേള്‍ക്കുന്നതിന് 16 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി അസം സന്ദര്‍ശിക്കാനിരിക്കെയാണ് ഈ സംഭവമെന്നതു ശ്രദ്ധേയമാണ്. ബിജെപി സര്‍ക്കാര്‍ 2016ല്‍ ലോക്‌സഭയില്‍ കൊണ്ടുവന്ന ബില്ല് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം കൊടുക്കുന്നതിനു നിര്‍ദേശിക്കുന്നു. 1985ലെ അസം കരാറിന് എതിരാണെന്നതിനാല്‍ ഇതിനെതിരേ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

RELATED STORIES

Share it
Top