ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി; യുവാവ് അറസ്റ്റില്‍

ചണ്ഡീഗഡ്: പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ യുവാവ് അറസ്റ്റില്‍. സോനേപ്പട്ട് ജില്ലയിലെ ഗനോര്‍ സ്വദേശിയായ ഗൗരവ് കുമാര്‍ (23) ആണ് അറസ്റ്റിലായത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോത്ത്ക്ക മോഡല്‍ ടൗണില്‍ നിന്നു ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിക്രൂട്ട്‌മെന്റിനായി സന്ദര്‍ശിച്ച ഇന്ത്യന്‍ സൈനിക ക്യാംപുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാള്‍ കൈമാറിയത്. ഔദ്യോഗിക രഹസ്യ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തു.
ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച രണ്ടു സ്ത്രീകളാണ് ഇയാളില്‍ നിന്ന് ഇന്ത്യന്‍ സൈനിക ക്യാംപുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. സൈനിക ക്യാംപുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഒരു വര്‍ഷമായി ഇയാള്‍ കൈമാറിവരുകയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
യുവാവുമായി ബന്ധം സ്ഥാപിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷമാണ് ഐഎസ്‌ഐ വിവരങ്ങള്‍ ശേഖരിച്ചത്. വന്‍ തുകയും ഇതിനായി വാഗ്ദാനം ചെയ്തു. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും യുവാവ് ഇവര്‍ക്ക് കൈമാറി. തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാന ഭാഗങ്ങളുടെ ഫോട്ടോകള്‍, വീഡിയോകള്‍, മറ്റു വിവരങ്ങള്‍ കൈമാറി. ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാംപില്‍ പങ്കെടുക്കുമ്പോള്‍ സൈനിക ക്യാംപുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി കൈമാറാനും പാക് ഐഎസ്‌ഐ ഏജന്റുമാര്‍ നിര്‍ദേശിച്ചിരുന്നു.  മാര്‍ച്ചില്‍ അമൃതസറില്‍ നിന്നു രവികുമാര്‍ എന്നയാളും ഇത്തരത്തില്‍ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തുന്നതിനിടെ അറസ്റ്റിലായിരുന്നു.

RELATED STORIES

Share it
Top