ഐഎസ്എസ്എഫ് ലോക കപ്പ് ഷൂട്ടിങില്‍ ഇന്ത്യ ജേതാക്കള്‍

ഗ്വാഡലഹാര (മെക്‌സിക്കോ): ഐഎസ്എസ്എഫ് ലോക കപ്പ് ഷൂട്ടിങില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ കിരീടം സ്വന്തമാക്കി. ഇന്നലെ അഖില്‍ ഷെറാന്‍ ഒരു സ്വര്‍ണവും കരസ്ഥമാക്കിയതോടെ നാലു സ്വര്‍ണവും ഒരു വെള്ളിയും നാലു വെങ്കലവുമടക്കം ഒമ്പതു മെഡലുകളുമായി ഇന്ത്യ ഒന്നാമതെത്തുകയായിരുന്നു. രണ്ടു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമായി ചൈനയാണു രണ്ടാമത്.
പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ 455.6 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് അഖില്‍ ഷെറാന്‍ സ്വര്‍ണം കഴുത്തിലണിഞ്ഞത്. ഈ ഇനത്തില്‍ ഓസ്ട്രിയയയുടെ ബെര്‍ണാര്‍ഡ് പിക്കള്‍ (452) രണ്ടാം സ്ഥാനത്തും, ഹങ്കേറിയന്‍ താരം ഇസ്ത്‌വാന്‍ പെനി മൂന്നാം സ്ഥാനത്തുമെത്തി. റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ഫ്രാന്‍സിന്റെ അകെ്‌സിസ് റെയ്‌നോള്‍ഡിനെയും 38 തവണ ഐഎസ്എസ്എഫ് മെഡല്‍ വേട്ടക്കാരനായ ഹംഗേറിയന്‍ താരം പീറ്റര്‍ സിഡിനെയും എയര്‍ റൈഫില്‍ ഗോള്‍ഡ് മെഡലിസ്റ്റ് ഇസ്ത്‌വാന്‍ പെനിയെയും ഇന്ത്യന്‍ സൂപ്പര്‍ റൈഫിള്‍സ് താരം സഞ്ജീവ് രജ്പുതിനെയും പിന്തള്ളിയാണ് അഖില്‍ ഈ നേട്ടം കൈവരിച്ചത്. രജ്പുത് നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു.
യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്ത് മല്‍സരം പൂര്‍ത്തിയാക്കിയ അഖില്‍ (1174 പോയിന്റ്) മികച്ച പ്രകടനമാണ് ഫൈനല്‍ റൗണ്ടില്‍ പുറത്തെടുത്തത്. യോഗ്യതാ റൗണ്ടില്‍ 1178 പോയിന്റ് നേടിയ പെനി ഒന്നാമതായും 1176 പോയിന്റ് കരസ്ഥമാക്കിയ സഞ്ജീവ് രജ്പുത് രണ്ടാമതായും മല്‍സരം പൂര്‍ത്തിയാക്കി.  നേരത്തെ 10 മീറ്റര്‍ പിസ്റ്റള്‍ വനിതാ,  മിക്‌സഡ് ങ്ങളിലായി ഇന്ത്യയുടെ മനുഭാസ്‌കര്‍ രണ്ടു സ്വര്‍ണം നേടിയിരുന്നു.

RELATED STORIES

Share it
Top