ഐഎസ്ആര്‍ഒ ചാരക്കേസ് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉ—ദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹരജി സുപ്രിംകോടതി വിധി പറയാനായി മാറ്റി. ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കുമെന്നും നമ്പി നാരായണന്റെ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമെന്ന നിലപാടാണ് സിബിഐ ഇന്നലെ കോടതിയില്‍ എടുത്തത്.
കേസ് അന്വേഷിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യമാണെന്നാണ് സിബിഐ അഭിഭാഷകന്‍ പറഞ്ഞത്. നഷ്ടപരിഹാരത്തുക 11 ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തണമെന്ന് കോടതി ഇന്നലെയും ആവര്‍ത്തിച്ചു. എന്നാല്‍, നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണോ സംസ്ഥാന സര്‍ക്കാരാണോ എന്ന കാര്യം കോടതി പരിശോധിക്കും. തന്നെ കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ ഹരജി നല്‍കിയത്.
അതേസമയം, അന്യായമായി ജയിലില്‍ അടയ്ക്കുകയും പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നമ്പി നാരായണന് ഇതുവരെ 11 ലക്ഷം നഷ്ടപരിഹാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ തുക 25 ലക്ഷം വരെയാക്കി ഉയര്‍ത്താന്‍ ഉത്തരവു പുറപ്പെടുവിക്കാമെന്ന കോടതി നിര്‍ദേശം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിരസിച്ചു. ഒരുകോടി രൂപ നഷ്ടപരിഹാരത്തിനാണ് താന്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളതെന്നും ഇതിന്റെ നടപടികള്‍ അവസാനഘട്ടത്തിലാണെന്നുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
കള്ളക്കേസ് എടുത്ത് തന്നെ ജയിലിലടച്ച കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെ പോവരുതെന്നും നഷ്ടപരിഹാരം ഉയര്‍ത്തലല്ല തന്റെ ആവശ്യമെന്നും നമ്പി നാരായണന്‍ നേരിട്ട് കോടതിയോട് അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top